HOME
DETAILS

ഹത്രാസ് ദുരന്തം: മരണം 122 ആയി, മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും, ആള്‍ദൈവം ഭോലെ ബാബക്കായി ലുക്ക് ഔട്ട് നോട്ടിസ് 

  
Web Desk
July 03 2024 | 01:07 AM

122 killed in stampede at satsang in UP's Hathras

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 122 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. 'സത്സംഗ' (പ്രാര്‍ത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. 

നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു.

സത്സംഗം സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അലഗഢ് ഐ.ജി ശലഭ് മാത്തൂര്‍ വ്യക്തമാക്കി. അനുവദിച്ചതിനേക്കാള്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മരിച്ചവരില്‍ 108 സ്ത്രീകളും ഏഴ് കുട്ടികളുമാണ് ഉള്ളതെന്ന് യു.പി ചീഫ് സെക്രട്ടറി അറിയിച്ചു. 72 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2ലക്ഷവും പരുക്കേറ്റവര്‍ക്ക് 50000വും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഹത്രാസിലെ സിക്കന്ദ്ര റാവു പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. സ്വയംപ്രഖ്യാപിത ആള്‍ദേവമായ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായണ്‍ സക്കാര്‍ ഹരിയുടെ പരിപാടിയിലാണ് അപകടമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."