HOME
DETAILS

ഹാഥ്രസ്: തിരക്കിന് കാരണം ഭോലെ ബാബയുടെ വാഹനം; അറിയാം ഐ.ബിയില്‍നിന്നെത്തിയ 'ആള്‍ദൈവ'ത്തെ

  
July 02 2024 | 17:07 PM

Hathras stampede: Who is 'Bhole Baba', organiser of 'satsang'

ലഖ്‌നൗ: യു.പിയില്‍ വലിയ തോതില്‍ അനുയായികളുള്ള ഭോലെ ബാബ എന്ന നാരായണ്‍ സകര്‍ ഹരിയുടെ സത്സംഗ് ചടങ്ങിലാണ് നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഇദ്ദേഹത്തിന് കീഴിലുള്ള മാനവ് മംഗള്‍ മിലാന്‍ സദ്ഭാവന്‍ സംഗമം സമിതിയാണ് ചടങ്ങിന്റെ സംഘാടകര്‍. പരിപാടിയുടെ പരസ്യപോസ്റ്ററുകള്‍ ഒരാഴ്ച മുമ്പെ ഹാഥ്രസിലടനീളം പ്രത്യക്ഷപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വാഹനത്തിന് സൗകര്യമുണ്ടാക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയാണ് തിരക്കിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിര്‍ത്തിയത് പൊടുന്നനെ തിരക്കിന് കാരണമായി. 
ചടങ്ങ് കഴിഞ്ഞ് എല്ലാവരും പുറത്തുകടക്കാന്‍ തിരക്ക് കൂട്ടിയ സമയത്ത് തന്നെയാണ് സുരക്ഷാനടപടിയും ഉണ്ടായത്. ഈ സമയത്ത് വാഹനത്തിന് പോകാന്‍ സൗകര്യം ഒരുക്കിയതോടെ ജനങ്ങളെ ഒരുഭാഗത്തേക്ക് മാറ്റി നിര്‍ത്തി. ഇതറിയാതെ പിന്നില്‍നിന്ന് വരുന്നവര്‍ തിരക്ക് കൂട്ടിയതോടെ തിരക്ക് നിയന്ത്രണാതീതമായി.
കര്‍ഷകന്റെ മകനായാണ് നാരായണ്‍ സകര്‍ ഹരി ജനിച്ചത്. പഠനശേഷം പൊലിസ് സര്‍വിസില്‍ പ്രവേശിപ്പു. തുടര്‍ന്ന് രഹസ്യാനേഷണ വിഭാഗത്തിലും (ഐ.ബി) ജോലിചെയ്തു. ഇത് ഉപേക്ഷിച്ചാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി ആത്മീയമാര്‍ഗത്തിലേക്ക് കടന്നത്. കാവി വസ്ത്രങ്ങള്‍ ധരിക്കാത്ത, വെള്ള സ്യൂട്ടും കോട്ടും ടൈയും ഷൂവും ധരിച്ച് ഭാര്യയ്‌ക്കൊപ്പം വേദിയിലെത്തിയാണ് ഇദ്ദേഹം ആത്മീയപ്രഭാഷണങ്ങള്‍ നടത്താറുള്ളത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഇദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികളുണ്ട്.

അതേസമയം, ഹാഥ്രസില്‍ പ്രാര്‍ഥനാ ചടങ്ങിനിടെ (സത്‌സംഗ്) ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുട ഐണ്ണം 116 ആയി. ഇതില്‍ 108 സ്ത്രീകളും ഏഴു കുട്ടികളുമാണ്. 100 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലിസ് അറിയിച്ചു. ഹാഥ്രസിലെ സിക്കന്ദര്‍ റാവു ഉപജില്ലയില്‍പ്പെട്ട രതിഭാന്‍പൂര്‍ ഗ്രാമത്തില്‍ ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്.

ചടങ്ങില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയുണ്ടായ അപ്രതീക്ഷിത തിരക്കാണ് ഭീകരമായ ദുരന്തത്തില്‍ പര്യവസാനിച്ചത്. തിരക്ക് കൂടിയതിനാല്‍ യോഗസ്ഥലത്ത് പലര്‍ക്കും ശ്വാസംമുട്ടലും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ പുറത്തേക്ക് കടക്കാനുള്ള ശ്രമമാണ് ദാരുണമായ ദുരന്തത്തിനിടയാക്കിയത്. പുറത്തേക്കുള്ള കവാടം വീതി കുറഞ്ഞതായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

ഇതിലൂടെ ആളുകള്‍ തിക്കിയിറങ്ങുകയായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ താഴെ വീണു. അവരുടെ മേല്‍ ചവിട്ടിയാണ് ചിലര്‍ പുറത്തേക്ക് കടന്നത്. നിരവധി പേര്‍ ബോധമറ്റുവീണുവെന്നും ഒന്നിനു മുകളില്‍ ഒന്നായി കിടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കിടന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആത്മീയപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗ് ചടങ്ങിലാണ് അപകടം. ദുരന്തത്തിന് പിന്നാലെ സംഘാടകര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. ഉത്തരേന്ത്യയിലെ ഉയര്‍ന്ന താപനിലയും മരണസംഖ്യ കൂടാന്‍ കാരണമായി.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു.

Hathras stampede: Who is 'Bhole Baba', organiser of 'satsang'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."