പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ്
ഗസ്സ: ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച മൂന്നാഴ്ചയിലേക്ക് കടക്കവെ രണ്ടാംഘട്ട ചര്‍ച്ചയ്ക്കുള്ള നീക്കം തുടങ്ങി. ഇരുവിഭാഗവും ചര്‍ച്ചയ്ക്ക് സന്നദ്ധരായതാണ് റിപ്പോര്‍ട്ട്. ഭവനരഹിതരായവരുടെ അടിയന്തര പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം എന്നിവയിലൂന്നിയുള്ള ചര്‍ച്ചയാണ് ഹമാസ് ലക്ഷ്യമിടുന്നത്.
ചര്‍ച്ച സംബന്ധിച്ച് ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖനൗ സ്ഥിരീകരിച്ചു. അതേസമയം ചര്‍ച്ചകള്‍ക്കായി ഉന്നത ഇസ്‌റാഈല്‍ നയതന്ത്രസംഘത്തെ ഉടന്‍ ഖത്തറിലേക്കയക്കുമെന്ന് നെതന്യാഹു ഭരണകൂടത്തെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങൾക്കുള്ള പാർപ്പിടം, സഹായ വിതരണങ്ങൾ, ഗസ്സ പുനർനിർമാണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഹമാസ് ആശങ്കാകുലരാണ്. വെടിനിർത്തൽ കരാറിലെ മനുഷ്യത്വപരമായ ചട്ടങ്ങൾ നടപ്പാക്കുന്നതിൽനിന്ന് ഇസ്റാഈൽ ഒഴിഞ്ഞുമാറുകയും തടയുകയുമാണ്. ജനങ്ങൾക്ക് വീടും സഹായവും അടിയന്തരമായി ലഭ്യമാക്കേണ്ട മാനുഷിക വിഷയങ്ങളാണ്. ഇതൊന്നും ഇസ്റാഈൽ വൈകിപ്പിക്കുന്നത് അനുവദിക്കാനാവില്ല- അദ്ദേഹം വ്യക്തമാക്കി.
ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രസ്താവന. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം വിദേശനേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം നെതന്യാഹു നടത്തുന്ന ആദ്യ വിദേശയാത്ര കൂടിയാണിത്.
വെടിനിർത്തൽ കരാറിനെതിരെ രാജ്യത്ത് വലതുപക്ഷ എതിർപ്പ് ശക്തമാകുകയും അഴിമതി ആരോപണങ്ങളെ തുടർന്ന് ജനപ്രീതി ഇടിയുകയും ചെയ്തിരിക്കെയാണ് നെതന്യാഹുവിന്റെ കൂടിക്കാഴ്ച. വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. നിലവിലെ വെടിനിർത്തൽ കരാർ താൽക്കാലികമാണെന്നും ഭാവിയിൽ ഹമാസിനെതിരെ ആക്രമണം തുടരുമെന്നും നെതന്യാഹു സൂചിപ്പിച്ചിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്റാഈൽ സൈന്യം കനത്ത ആക്രമണം ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."