ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല
തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഇനി മുതൽ ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ടിരുന്നു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."