കോവിഡാനന്തര ആരോഗ്യ സ്ഥിതി: മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സർവ്വേ നടത്തും
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിക്ക് ശേഷം കുവൈത്തിലെ ജനങ്ങളിലുണ്ടായ ആരോഗ്യ പ്രശ്നങ്ങളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വിശദമായി പഠിക്കാൻ സർവ്വേ നടത്തുന്നു. കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രമുഖരായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രലയത്തിന്റെ അനുമതിയോടെയും മാര്‍ഗനിര്‍ദേശപ്രകാരമാവുമാണ് ആരോഗ്യ സർവ്വേ നടത്തുന്നത്.
കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയവരില്‍ പല ആരോഗ്യ പ്രശ്നങ്ങളും തുടരുന്നതായി ഈയിടെ കണ്ടെത്തിയിരുന്നു. കുവൈത്തിലെ അഞ്ചു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒരുമാസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കി കുവൈത്ത് ആരോഗ്യ മന്ത്രലയത്തിനു പഠന റിപ്പോർട്ട് സമർപ്പിക്കുമെന്ന് മെഡക്സ് മെഡിക്കൽ മാനേജ്മെൻറ് വ്യക്തമാക്കി.
കോവിഡാനന്തരം പൊതുജനാരോഗ്യ രംഗത്ത് ഉയർന്നു വരുന്ന ആരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി അതിജയിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി സമർപ്പിക്കുമെന്നും കുവൈത്തിലെ ആരോഗ്യ മേഖലക്ക് വലിയൊരു മുതൽക്കൂട്ടാവുമെന്നും ഇതിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡണ്ടും സിഇഒ യുമായ മുഹമ്മദലി വി പി പറഞ്ഞു. സർവ്വേ പൂർത്തിയായ ശേഷം സമഗ്രമായ റിപ്പോർട്ടും നിർദേശങ്ങളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റുകൾക്കും സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വേ നടത്താൻ അനുമതി നൽകിയ കുവൈത്ത് ആരോഗ്യ മന്ത്രലയത്തിനും പ്രധിരോധ മന്ത്രലയത്തിനും അദ്ദേഹം നന്ദിയും അറിയിച്ചു. ചടങ്ങിൽ മെഡക്സ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോക്ടർ അഹ്മദ് ഹംദി സലാഹ്, അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ റഷീത് ജോൺസൺ, സ്പോൺസർ ജാസിം മുഹമ്മദ് അലൂഷ് അൽ അസ്മി,പബ്ലിക് റിലേഷൻസ് മാനേജർ ഹാമിദ് ഹറബ് അൽ ഉതൈബി, ഓപ്പറേഷൻ ഹെഡ് ജുനൈസ് കോയിമ്മ, പി.എ ജിൻസി അജു, മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേഴ്സിങ് സൂപ്രണ്ട് അഖ്വീഫ് ലാൽ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."