Oman Updates: ഒമാനിലും വിവാഹപൂര്‍വ പരിശോധന നിര്‍ബന്ധമാക്കുന്നു
മസ്‌കത്ത്: യു.എ.ഇയിലേത് പോലെ ഒമാനിലും വിവാഹപൂര്‍വ പരിശോധന നിര്‍ബന്ധമാക്കുന്നു. വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മെഡിക്കല്‍ ഉപദേശ സേവനങ്ങളുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കാന്‍ പോകുന്നത്. കുട്ടികളിലേക്കുകൂടി പകരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഉണ്ടാകാനുള്ള സാധ്യത വ്യക്തമാക്കുന്ന ലബോറട്ടറി പരിശോധനകളും ഇതിന്റെ ഭാഗമാണ്. നിരവധി ജനിതക രോഗങ്ങള്‍ തടയുന്നതിനും സുസ്ഥിര പരിചരണവും ആരോഗ്യവും ആസ്വദിക്കുന്ന സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നിയമം അടുത്തവര്‍ഷം മുതലാണ് പ്രാബല്യത്തില്‍വരിക.
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ് തുടങ്ങിയ ലൈംഗികമായി പകരുന്ന ചില രോഗങ്ങള്‍ക്കായി പരിശോധന നടത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ. ബദ്രിയ അല്‍ റഷ്ദി പറഞ്ഞു. രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ രണ്ട് ശതമാനം പേരില്‍ തലസീമിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അതേ പ്രായത്തിലുള്ള കുട്ടികളില്‍ ആറ് ശതമാനം പേരില്‍ സിക്കിള്‍ സെല്‍ അനീമിയയും കാണപ്പെടുന്നു.
എന്താണ് പരിശോധന
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് അവരില്‍ ഒരാള്‍ക്ക് അണുബാധയുണ്ടോ അതോ കുട്ടികള്‍ക്ക് പകരാന്‍ സാധ്യതയുള്ള പാരമ്പര്യ രക്തരോഗത്തിന്റെ വാഹകനാണോ എന്ന് കണ്ടെത്തുന്നതിനുള്ള ലബോറട്ടറി പരിശോധനയാണിത്. സമൂഹത്തില്‍ പാരമ്പര്യ രക്തരോഗങ്ങള്‍ പടരുന്നതിനാല്‍ വിവാഹത്തിനു മുമ്പുള്ള വൈദ്യപരിശോധന പ്രധാനമാണ്. ഇത്തരത്തിലുള്ള പലരോഗങ്ങളും ദൃശ്യമാകണമെന്നില്ല. അതിനാലാണ് പരിശോധന നിര്‍ബന്ധമാക്കുന്നത്. വിവാഹിതരാകാന്‍ പോകുന്ന ദമ്പതികളില്‍ ഒരാള്‍ക്ക് അസുഖമുണ്ടെങ്കില്‍ അവര്‍ രണ്ടുപേരും പിന്നീട് രോഗവാഹകരാകാനുള്ള സാധ്യത ഏറെയാണ്. ഈ രോഗങ്ങള്‍ പിന്നീട് കുട്ടികളിലേക്ക് കൂടി പകരുന്നതോടെ ആഘാതം കൂടും.
നേരത്തെ യു.എ.ഇയില്‍
യു.എ.ഇയില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും വിവാഹ പൂര്‍വ സ്‌ക്രീനിങ് നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയുംചെയ്തു. നേരത്തെ വിവാഹത്തിന് മുമ്പ് ദമ്പതികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം ദമ്പതികള്‍ക്ക് വിടുകയായിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം വിവാഹിതരാവാന്‍ പോകുന്ന യു.എ.ഇ പൗരന്‍മാര്‍ വിവാഹ പൂര്‍വ മെഡിക്കല്‍ സ്‌ക്രീനിങ്ങിന്റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണം.
Pre-marital medical testing mandatory in oman from early January 2026
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."