ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു; പ്രതിക്കെതിരേ കൊലക്കുറ്റമില്ല
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. അതേസമയം പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലായ പ്രതി അനൂപിനെതിരേ കൊലക്കുറ്റം ഇല്ല. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും. പ്രതിക്ക് യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അനൂപ് വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു.
സംഭവദിവസം തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ഷാളില്‍ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാള്‍ ഷാള്‍ മുറിച്ചു. അതിന് ശേഷവും അനൂപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."