ഫണ്ടില്ല, കാട്ടുതീ പ്രതിരോധം പാളുന്നു
പാലക്കാട്: കാട്ടുതീ പ്രതിരോധിക്കാന്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ വനമേഖല കാട്ടുതീ ഭീതിയിൽ. കാടുകളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കാനുള്ള പദ്ധതികള്‍ ഡിസംബര്‍ മുതല്‍ വനംവകുപ്പ് തുടങ്ങുമായിരുന്നു. ഇത്തവണ ജനുവരി കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല. ചിലയിടത്ത് ഇ.ഡി.സി, വനവികസനസമിതി എന്നിവയില്‍ നിന്നും പണമെടുത്ത് പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പറമ്പിക്കുളം, സൈലന്റ് വാലി, തേക്കടി, എന്നിവിടങ്ങളിലാണ് താല്‍ക്കാലിക പരിപാടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇക്കോ ടൂറിസത്തിലൂടെ കിട്ടുന്ന വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ മിക്കയിടത്തും കാര്യമായ വരുമാനം കിട്ടുന്നില്ലെന്നും പറയുന്നുണ്ട്.
ഫയര്‍ വാച്ചര്‍മാരെ നിയമിക്കുന്നതിനും ഫയര്‍ ലൈന്‍ നിര്‍മിക്കുന്നതിനും ബോധവല്‍കരണ പരിപാടികള്‍ക്കുമായാണ് ഫണ്ട് അനുവദിക്കാറുളളത്. ഡിസംബറിന് മുമ്പേ ഒാരോ ഡിവിഷണിലും നൂറോളം താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരെയും നിയമിക്കാറുണ്ട്. എന്നാൽ ഇതുവരെ നിയമനം നടന്നിട്ടില്ല. ആദിവാസികള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം വാച്ചര്‍മാരെയാണ് നിയമിക്കാറുള്ളത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല.
ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ നശിക്കുന്നതിന് പുറമേ ജൈവവൈവിധ്യ സമ്പത്തും നശിച്ചുപോകുന്നത് പതിവാണ്. പ്രധാന വനമേഖലകളിലേക്ക് തീ പടരാതിരിക്കണമെങ്കില്‍ ഫയര്‍ ലൈനുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇതിനുതന്നെ ലക്ഷങ്ങള്‍ വേണ്ടിവരും. ഫണ്ട് കുറവായതിനാല്‍ ഫയര്‍ ലൈന്‍ വര്‍ക്കുകള്‍ നാമമാത്രമായി നടത്തി തടിയൂരാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. കാട്ടുതീ ഉണ്ടായാല്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ആക്ഷന്‍ പ്ലാൻ തയാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചാല്‍ മാത്രമേ തുടര്‍പ്രവര്‍ത്തനം സാധ്യമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."