ആലപ്പുഴയില്‍ ദമ്പതികള്‍ മരിച്ച സംഭവം: പെട്രോളൊഴിച്ച് വീടിന് തീയിട്ടത് മകന്‍
ആലപ്പുഴ: വീടിനു തീ പിടിച്ച് വൃദ്ദ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലിസ് പറയുന്നത്. വീടിന് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് വിജയന്‍ പൊലിസിനു മൊഴിനല്‍കി. ചെന്നിത്തല കോട്ടമുറി സ്വദേശകളാണ് കറ്റോട്ട് രാഘവനും (92) ഭാര്യ ഭാരതി(90)യും. ഇവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മിച്ച വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലിസിന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. ഇവരുടെ മകനെ പൊലിസ് സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. സ്ഥിരം മദ്യപാനിയായ മകന്‍ വീടിനു തീവച്ചതാണെന്ന സംശയം നേരത്തേ തന്നെ പൊലിസിനുണ്ടായിരുന്നു. ഇയാളെ പൊലിസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സ്വത്തുമായി ബന്ധപ്പെട്ട് കുറച്ചു നാളായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍. മാതാപിതാക്കളെ കൊല്ലുമെന്നും വിജയന്‍ പലപ്പോഴും ഭീഷണിപ്പെടുത്തിയതായി പേരമകന്‍ പറഞ്ഞു. അമ്മൂമ്മ തന്നോട് വിജയന്‍ കൊല്ലുമെന്ന് പറഞ്ഞിരുന്നെന്നും കൊച്ചുമകന്‍ വിഷ്ണു പറഞ്ഞു.
പുലര്‍ച്ചയോടെയാണ് വീടിനു തീപിടിച്ചത്. നാട്ടുകാരെത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടത്.
വിജയന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. വിജയനുള്‍പ്പെടെ അഞ്ചുമക്കളാണ് ഇവര്‍ക്കുള്ളത്. നേരത്തേ മകളും കുടുംബത്തിനുമൊപ്പമായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ വാടകവീട്ടിലേക്കു മാറുകയും ഇതോടെ വീട്ടില്‍ വിജയനും മാതാപിതാക്കളുമായിരുന്നു താമസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."