ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥ : മരുന്നുകളുടെ ഗുണനിലവാരം കുറയുന്നു
പത്തനംതിട്ട: പൊടിപടലങ്ങളും ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ മരുന്നുകൾ സൂക്ഷിക്കുന്നത് ഗുണനിലവാരം കുറയ്ക്കുന്നു. നിലവാരമില്ലാത്ത മരുന്നുകളുടെ ഉപയോഗം മറ്റു രോഗങ്ങൾ ബാധിക്കാനും ഇടവരുത്തുന്നുണ്ട്. 25 മുതൽ 30 ഡിഗ്രിവരെ താപനിലയിൽ സൂക്ഷിക്കേണ്ടവയാണ് ഏകദേശം 40 ശതമാനത്തിലധികം മരുന്നുകളും. കൂടുകയോ കുറയുകയോ ചെയ്യാൻ പാടില്ലെന്നും ഉൽപാദകർ കൃത്യമായ താപനിലയിൽ സൂക്ഷിച്ച മരുന്നുകൾ ചെറുകിട വ്യാപാരികൾക്ക് എത്തിക്കുന്നത് ശ്രദ്ധയില്ലാതെയാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രമേഹ രോഗബാധിതർ ഉപയോഗിക്കുന്ന ഇൻസുലിൻ സൂക്ഷിക്കേണ്ടത് രണ്ടു മുതൽ എട്ട് ഡിഗ്രിവരെ താപനിലയിലാണ്. എന്നാൽ ഇത് പാലിക്കുന്നില്ല. പ്ലാസ്റ്റിക് കൂട്ടിൽ ഇൻസുലിൻ കുപ്പികൾ വച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച രണ്ടോ മൂന്നോ ചെറിയ കുപ്പി ഐസ് പോലെയാക്കിയ വെള്ളം കൂടിവച്ച് പാക്ക്‌ചെയ്താണ് ഇവർ വിതരണം ചെയ്യുന്നത്. മണിക്കൂറുകൾക്കകം ഇത് സാധാരണനിലയിൽ വെള്ളമായി മാറി ഇൻസുലിന്റെ താപനിലയിൽ മാറ്റം സംഭവിക്കും.
ഗുണമില്ലാത്ത മരുന്ന് ഉപയോഗിക്കാൻ രോഗി നിർബന്ധിതനാകുന്നതോടൊപ്പം വൈദ്യുതിയുടെ നിയന്ത്രണം കൂടിയാകുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മരുന്നുകൾ രോഗികളുടെ ആരോഗ്യത്തിന് ദോഷമാണ് വരുത്തുക. വിദേശ രാജ്യങ്ങളിൽ ഔഷധങ്ങൾ സൂക്ഷിച്ച മുറികളും ഫ്രീസർ അടക്കമുള്ള വസ്തുക്കളും മണിക്കൂർ ഇടവിട്ട് താപനില പരിശോധനയ്ക്ക് വിധേയമാക്കി ക്രമീകരിച്ച് സൂക്ഷിക്കുന്ന സംവിധാനമുണ്ട്. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദം തുടങ്ങി അണുബാധ വരെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്കും ഇതേ അവസ്ഥയാണെന്ന് ഡോക്ടർമാർ പറയുന്നു.
അണുബാധ മൂലം രോഗികളുടെ സ്ഥിതി കൂടുതൽ വഷളാകാൻ കാരണം കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്ത മരുന്നുകൾ ഉപയോഗിക്കുന്നത് മൂലമാണ്. ഇത്തരം മരുന്നുകൾ മിക്കതും 25 മുതൽ 30 ഡിഗ്രി വരെ താപനിലയിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ അന്തരീക്ഷ താപനില 38-40 ഡിഗ്രിയിലേക്ക് മാറുമ്പോൾ മരുന്നുകളുടെ കാര്യക്ഷമതയിൽ വലിയ മാറ്റം ഉണ്ടാകും. ഇത്തരം മരുന്നുകൾ പതിവായി കഴിക്കുന്നത് വൃക്ക, കരൾ എന്നിവയെപ്പോലും ബാധിക്കും.
ശരീരം നീരുവന്നു തടിക്കുക, ചൊറിച്ചിൽ, ചർമരോഗങ്ങൾ, അൾസർ, എല്ല് തേയ്മാനം എന്നിങ്ങനെ മറ്റു രോഗങ്ങൾക്കും കാരണമാകും. കേരളത്തിലെ മരുന്ന് വിൽപ്പന-വിതരണ സ്ഥാപനങ്ങളിലും ആശുപത്രി ഫാർമസികളിലും അടിയന്തിരമായി ശീതീകരണ സംവിധാനങ്ങൾ നിർബന്ധമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഫാർമസികളിലും മരുന്നുകടകളിലും ജീവൻരക്ഷാ ഔഷധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യോഗ്യതയില്ലാത്തവരുണ്ടെങ്കിലും ഇതിനെതിരേ നടപടിയെടുക്കാൻ ഔഷധനിയന്ത്രണ വിഭാഗവും സംസ്ഥാന ഫാർമസി കൗൺസിലും താൽപര്യമെടുക്കുന്നില്ലെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."