പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാം; സർവകലാശാല ഉത്തരവ് ഇറക്കി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർവകലാശാല ഉത്തരവ് ഇറക്കിയത്. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കില്ല.
ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത് ഇവർക്ക് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. തുടർ പഠനത്തിന് പ്രതികളായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതിയുടെ നിർദ്ദേശം നൽകുകയായിരുന്നു.
ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. എന്നാൽ സിദ്ധാർത്ഥൻ ക്രൂരമായി മർദിക്കപ്പെട്ടുവെന്നും റാഗിങ്ങിനിരയാകുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിയുകയായിരുന്നു
സിദ്ധാർത്ഥൻ കോളേജിൽ ഭീകരമായ മർദ്ദനം നേരിട്ടിരുന്നുവെന്ന് ആൻ്റി റാഗിങ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. മറ്റ് വിദ്യാർഥികളുടെ മുൻപിൽ പരസ്യ വിചാരണ നേരിടേണ്ടി വന്നു. നഗ്നനായി നടത്തി. ഫെബ്രുവരി പതിനാറിന് രാത്രി ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽനിന്ന് വലിയ ശബ്ദവും നിലവിളികളും മറ്റു കുട്ടികൾ കേട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോർട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കുന്നതാണ്. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീർപ്പിലേക്ക് എത്തുക.
"Controversy at Pookod Veterinary College: Accused in Siddharth's Death Case Allowed to Continue Studies"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."