മലയാളവും തമിഴും ഹിന്ദിയും അറബിയും ബംഗാളിയും ഉള്‍പ്പെടെ 50ലധികം ഭാഷകളില്‍ സംവദിച്ച് ഇന്ത്യയുടെ സ്വന്തം ചാറ്റ് സൂത്ര | ChatSUTRA
മലയാളവും തമിഴും ഹിന്ദിയും അറബിയും കന്നഡയും ബംഗാളിയും ഉറുദുവുമുള്‍പ്പെടെ ലോകത്തെ അമ്പതിലധികം ഭാഷകളില്‍ കാര്യക്ഷമതയോടെ സംവദിച്ച് ഇന്ത്യയുടെ സ്വന്തം ചാറ്റ് സൂത്ര. ചാറ്റ് ജിപിടി ഉള്‍പ്പെടെ ഭൂരിഭാഗം എഐ മോഡലുകളും ഇംഗ്ലീഷിന് പ്രാധാന്യം നല്‍കുമ്പോള്‍ ലോകത്തെ ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്ന എണ്‍പത് ശതമാനം വരുന്ന ശതകോടി ജനവിഭാഗത്തോട് കൃത്യമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാറ്റ് സൂത്ര അവതരിപ്പിച്ചിരിക്കുന്നത്. സാംസങ്ങിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍ ആയിരുന്ന പ്രണവ് മിസ്ത്രിയുടെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഇന്ത്യന്‍ കമ്പനിയായ ടു എഐ (TWO AI) ആണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. TWO AIയുടെ നൂതനമായ ഡ്യുവല്‍ട്രാന്‍സ്‌ഫോര്‍മര്‍ ആര്‍ക്കിടെക്ചര്‍, ബഹുഭാഷ, പ്രവചന മാതൃകകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നു. സ്വതന്ത്രമായി പുതിയ ഭാഷകള്‍ പഠിക്കുന്ന, നൂതനമായ LLM ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച മോഡലുകള്‍ ആണ് ചാറ്റ്‌സൂത്രയുടെ ശക്തി. SUTRAV1, SUTRAR0 തുടങ്ങിയ വ്യത്യസ്ഥമായ മോഡലുകളാണ് ടു എഐ അവതരിപ്പിച്ചിരിക്കുന്നത്.
സംഭാഷണം, നിര്‍ദ്ദേശം, തിരയല്‍ തുടങ്ങിയ ബഹുഭാഷാ ആപ്ലിക്കേഷനുകള്‍ക്കായാണ് SUTRAV1 രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വിവിധ ഭാഷകള്‍, ഡൊമെയ്‌നുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയിലുടനീളം ഉയര്‍ന്ന പ്രകടനം ഉറപ്പാക്കിക്കൊണ്ട്, ഘട്ടം ഘട്ടമായി ചിന്തിക്കാനും വിശകലനം ചെയ്യാനും മികച്ച പ്രതികരണം നല്‍കാനും കഴിവുള്ള ടു എഐയുടെ ഒന്നാം തലമുറ മാതൃകയാണ് SUTRAR0. അത്യധികം വേഗതയേറിയതും ചെലവ് കുറഞ്ഞതും എല്ലാവര്‍ക്കും ഏറെ വഴങ്ങുന്നതുമാണ് എന്നതാണ് സൂത്ര മോഡലുകളുടെ പ്രത്യേകത. നിരവധി ബഹുഭാഷാ മാനദണ്ഡങ്ങളില്‍ അത്യാധുനിക പ്രകടനം കൈവരിക്കാന്‍ സൂത്രയ്ക്ക് കഴിയുന്നു എന്നത് എടുത്തു പറയേണ്ടതാണ്. TWO AI അതിന്റെ പുതിയ AI ആപ്പായ ChatSUTRA വഴി, two.chat.aiല്‍ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും മെച്ചപ്പെടുത്തലുകള്‍ക്കും ശേഷമാണ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. ChatSUTRA വെബിലും മൊബൈലിലും (iOS, Android) ലഭ്യമാണ്. സൂത്രയുടെ അടിസ്ഥാന ശക്തിയെന്ന് പറയുന്നത് ചാറ്റ്ജിപിടി ഉള്‍പ്പെടെയുള്ളവയെക്കാള്‍ മികവുറ്റരീതിയിലുള്ള അതിന്റെ ബഹുഭാഷാ പൊരുത്തപ്പെടുത്തലാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. AI ഭാഷാ മോഡലുകളിലെ ഭാഷാ വിടവ് പരിഹരിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും അവര്‍ പറയുന്നു. നിലവിലുള്ള AI മോഡലുകള്‍ പ്രധാനമായും ഇംഗ്ലീഷിലാണ് പരിശീലിപ്പിക്കുകയും സ്‌കെയില്‍ ചെയ്യുകയും ചെയ്യുന്നത്. ഇത് ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള LLMകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നു. ChatGPT, Claude.ai, Perplextiy എന്നിവ ചില ബഹുഭാഷാ കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇവ പലപ്പോഴും ഇംഗ്ലീഷിലേക്ക് മടങ്ങുകയും സങ്കീര്‍ണമായ ബഹുഭാഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാത്ത താഴ്ന്ന റിസോഴ്‌സ് ഭാഷകളില്‍ ഇവ പലപ്പോഴും വിജയകരമല്ല. ഇത് ആളുകളെ ആശയക്കുഴപ്പത്തിലേക്കു നയിക്കുന്നു. എന്നാല്‍, സൂത്ര ഈ പ്രശ്‌നം പരിഹരിക്കുന്നുവെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സൂത്രയെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ ബഹുഭാഷാ പ്രാവീണ്യം മാത്രമല്ല, അതിന്റെ കാര്യക്ഷമതയും കൂടിയാണ്. പ്രത്യേകിച്ച് ലാറ്റിന്‍ ഇതര സ്‌ക്രിപ്റ്റുകളിലെ അതിന്റെ മികച്ച പ്രകടനം. ഭാഷാ തടസ്സങ്ങളോ സാംസ്‌കാരിക പ്രശ്‌നങ്ങളോ അനുഭവിക്കാതെ 50ലധികം ഭാഷകളില്‍ AIയുമായി പര്യവേക്ഷണം നടത്താനും സംവദിക്കാനും ChatSUTRA ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഗുജറാത്തി, മറാത്തി, കൊറിയന്‍, ജാപ്പനീസ്, ഗ്രീക്ക് തുടങ്ങിയ ഭാഷകളും ചാറ്റ് സൂത്രയ്ക്ക് വഴങ്ങും. ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് അറിവ് തേടുന്നതിനും പ്രശ്‌നപരിഹാരത്തിനും നിരവധി സംസ്‌കാരങ്ങളുടെയും സമൂഹങ്ങളുടെയും വ്യതിരിക്തമായ ഗുണങ്ങള്‍ കണ്ടെത്തുന്നതിനും മറ്റ് ചാറ്റ് ബോട്ടുകളേക്കള്‍ ഉപകാരപ്രദമാണ് ചാറ്റ് സൂത്രയെന്നും ടു എഐ വെളിപ്പെടുത്തുന്നു. വിപുലമായ വിവര്‍ത്തനം, ടെക്‌സ്റ്റ് സംഗ്രഹം, ക്രിയാത്മകവും സഹകരണപരവുമായ എഴുത്ത്, വിദഗ്ധ തൊഴിലാളികളുടെ സഹായമില്ലാതെ തൊഴിലുകള്‍, വീടിനെയും പരിസരങ്ങളെയും മനോഹരമാക്കല്‍, വിനോദങ്ങള്‍ തുടങ്ങിയവ ചെയ്യാന്‍ സ്വയം പഠിക്കുകയും മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന DIY, വിദേശ ഭക്ഷണ പാചകക്കുറിപ്പുകള്‍ തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് ChatSUTRA ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും സമഗ്രവുമായ പ്രതികരണങ്ങള്‍ നല്‍കുന്നുണ്ട്.
'ChatSUTRA യുടെ ലേഔട്ട് ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. ഉപയോക്താക്കളെ അവര്‍ ലോഗിന്‍ ചെയ്യുന്നിടത്തെല്ലാം ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ലോകമെമ്പാടും ലഭ്യമായ ബഹുഭാഷാ AI സഹായത്തില്‍ ഏറ്റവും മികച്ചത് ChatSUTRA പ്രതിനിധീകരിക്കുന്നു. AI ഭാഷാ മോഡലുകളിലെ ഭാഷാ വിടവ് പരിഹരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇംഗ്ലീഷിനപ്പുറം മറ്റു ഭാഷകളുടെ സൂക്ഷ്മ വശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന AI ആണ് സൂത്ര' പ്രണവ് മിസ്ത്രി പറയുന്നു. പുതിയ ഭാഷകള്‍ സ്വന്തമായി പഠിക്കുന്ന നൂതനമായ എല്‍എല്‍എം ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച ബഹുഭാഷാ പരിജ്ഞാനവും, താങ്ങാനാവുന്ന വിലയുമാണ് ChatSUTRA യുടെ പ്രത്യേകത. ഇതിലുപയോഗിച്ച മാസിവ് മള്‍ട്ടിടാസ്‌ക് ലാംഗ്വേജ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എംഎംഎല്‍യു) മാനദണ്ഡം ഉപഭോക്താക്കള്‍ക്ക് അമ്പതോളം ഭാഷകളില്‍ മികച്ച സംവേദന ക്ഷമത നല്‍കുന്നു. കൊറിയന്‍ ഭാഷയില്‍ HyperClovaX, ഹിന്ദിയിലെ ഐരാവത്, അറബിയിലെ Jais, ജാപ്പനീസ് ഭാഷയിലെ Rakuten7B തുടങ്ങി അത്യാധുനിക ഭാഷാ LLMകളേക്കാള്‍ സൂത്ര മോഡലുകള്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നുണ്ടെന്നും പ്രണവ് മിസ്ത്രി കൂട്ടിച്ചേര്‍ത്തു. 'സൂത്ര ഹിന്ദിയിലെ മറ്റ് മോഡലുകളെയെല്ലാം മറികടക്കുന്നതാണ്. കൂടാതെ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ സംഭാഷണത്തിനിടെ ഉപയോക്കുന്ന ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും മിശ്രിതമായ ഹിംഗ്ലീഷ് തിരിച്ചറിയാനും കൈകാര്യം ചെയ്യാന്‍ പോലും സൂത്രക്കാവും. ഞങ്ങളുടെ പ്രധാന വിപണിയായ കൊറിയയിലെ NAVERന്റെ HyperClova X പോലുള്ള അത്യാധുനിക കൊറിയന്‍ LLMകളെക്കാള്‍ MMLU സ്‌കോറുകളില്‍ ഞങ്ങളുടെ മോഡലുകള്‍ മികച്ച പ്രകടനം കാണിച്ചിട്ടുണ്ട്. എന്റെ മാതൃഭാഷയായ ഗുജറാത്തിയില്‍, മറ്റേതൊരു മാതൃകയുമായി താരതമ്യം ചെയ്യുമ്പോള്‍ സൂത്ര കൂടുതല്‍ സ്വാഭാവികവും സമഗ്രവുമാണ്. സൂത്രയുടെ ശക്തി അതിന്റെ വിശാലമായ ബഹുഭാഷാ കഴിവുകളിലാണ്. ജാപ്പനീസ്, അറബിക് തുടങ്ങി നിരവധി ഭാഷകളില്‍ സൂത്ര മികവ് പുലര്‍ത്തുന്നു' പ്രണവ് മിസ്ത്രി പറ!ഞ്ഞു. ഇംഗ്ലീഷ് ഇതര വിപണികള്‍ക്കായുള്ള AI സൊല്യൂഷനുകളില്‍ നേതൃത്വം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന ആമുഖത്തോടെയാണ് TWO എഐ ഇത് അവതരിപ്പിച്ചത് തന്നെ. ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, ഉപഭോക്തൃ സേവനം എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളില്‍ പുതിയ ആപ്ലിക്കേഷന്‍ അവസരങ്ങള്‍ തുറക്കുന്നതിലൂടെ ഇത് അകയെ കൂടുതല്‍ കാര്യക്ഷമവുമാക്കുകയും വ്യാപക ഉപയോഗത്തിന് പര്യാപ്തമാക്കുകയും ചെയ്യും. അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്താനും ഭാഷകള്‍ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കാനും കൃത്യമായ, സന്ദര്‍ഭോചിതമായ ഉത്തരങ്ങള്‍ നല്‍കാനും കഴിയുന്ന ഒരു AI വികസിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ടു എഐ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യങ്ങളെല്ലാം അര്‍ഥവത്തായി പൂര്‍ത്തീകരിച്ച് തന്നെയാണ് സൂത്ര ജനമനസ്സുകളിലേക്ക് ഇറങ്ങിയത്.
2022 ഫെബ്രുവരിയില്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ദക്ഷിണ കൊറിയന്‍ ഇന്റര്‍നെറ്റ് കമ്പനിയായ നേവറില്‍ നിന്നുമുള്‍പ്പെടെ 20 മില്യന്‍ യു.എസ് ഡോളര്‍ (1,73,08,50,000 ഇന്ത്യന്‍ രൂപ) സീഡ് ഫണ്ട് സമാഹരിച്ചാണ് തുടക്കം. 'ജിയോ വളരെക്കാലമായി ഞങ്ങളുടെ പ്രധാന പങ്കാളികളില്‍ ഒരാളാണ്, തുടക്കം മുതല്‍ ഞങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്' പ്രണവ് മിസ്ത്രി പറഞ്ഞു. ചാറ്റ് സൂത്രയുള്‍പ്പെടെ ഇന്ത്യയില്‍ പുതിയ എഐ വിപ്ലവത്തിന് പിന്നില്‍ മറ്റൊരു കഥകൂടിയുണ്ട്. ഇന്ത്യന്‍ ടെക് കമ്പനികളുടെ എഐ മേഖലയിലെ പ്രകടനത്തെ ചോദ്യംചെയ്ത ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. സ്ഥാപകന്‍ സാം ഓള്‍ട്ട്മാനുള്ള മനോഹരമായ മറുപടിയുടെ കഥയാണത്. ഇപ്പോഴത്തെ നിലയില്‍ നിര്‍മിതബുദ്ധിയില്‍ ഓപ്പണ്‍ എ.ഐ.യുടെ അടിസ്ഥാനമോഡലിനെ പരിശീലിപ്പിക്കാനോ കമ്പനിയുമായി മത്സരിക്കാനോ ഇന്ത്യന്‍ കമ്പനികള്‍ക്കു ശേഷിയില്ലെന്നായിരുന്നു 2023ല്‍ സാം ഓള്‍ട്ട്മാന്‍ നടത്തിയ അഭിപ്രായ പ്രകടനം. ഇതിന് അന്ന് തന്നെ വാക്കാല്‍ മറുപടിനല്‍കിയ ഇന്ത്യന്‍ കമ്പനികള്‍, അതിന് പുതിയ എഐ അവതരണത്തിലൂടെ ശക്തമായ താക്കീത് നല്‍കാന്‍ അന്നുമുതല്‍ തന്നെ ചിട്ടയായതും കാര്യക്ഷമവുമായ പ്രയത്‌നത്തിലായിരുന്നു. ഇതിന്റെ പൂര്‍ണതകൂടിയാണ് ചാറ്റ് സൂത്ര എന്ന് പറയാനാവും. വളരെ ചെറിയ മുതല്‍മുടക്കുമായി നിര്‍മിത ബുദ്ധിയുടെ രംഗത്തേക്ക് വരുന്ന കമ്പനികള്‍ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം ഇന്ത്യയില്‍ ടൈംസ് നെറ്റ്‌വര്‍ക്കിന്റെ സംവാദത്തിനിടെ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിനുകൂടിയുള്ള മറുപടിയാണ് ചാറ്റ് സൂത്ര നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ എഐ വ്യവസായത്തെ വെല്ലുവിളിച്ച് ചൈനീസ് കമ്പനിയായ ഡീപ് സീക്ക് കത്തിക്കയറിക്കൊണ്ടിരിക്കുമ്പോള്‍, സാം ആള്‍ട്ട്മാന്റെ അഭിപ്രായം മാത്രമല്ല, എ.ഐ. മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് വലിയ സാമ്പത്തിക നിക്ഷേപവും അത്യാധുനിക സാങ്കേതികവിദ്യയും ആവശ്യമാണെന്ന പൊതുധാരണകൂടി തിരുത്തപ്പെടുകയാണ്. അതേ, ചാറ്റ് സൂത്രയയാലും ഡീപ് സീക്ക് ആയാലും അമേരിക്കന്‍ ധാരണകള്‍ക്കും ശാസ്ത്ര നേട്ട ധാര്‍ഷ്ട്യങ്ങള്‍ക്കും ഏഷ്യാ വന്‍കരയില്‍ നിന്ന് വലിയ മറുപടിയും ശക്തമായ താക്കീതും തന്നെയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
India's own chat sutra that communicates efficiently in over fifty languages of the world, including Malayalam, Tamil, Hindi, Arabic, Kannada, Bengali, and Urdu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."