വോട്ടര്‍മാരുടെ അതൃപ്തി, കളം നിറയുന്ന കോണ്‍ഗ്രസ്, ആരോപണ ശരവുമായി ബിജെപി; ആപിനും കെജ്‌രിവാളിനും ഇത് അസ്തിത്വത്തിന്റെ പോരാട്ടം
ന്യൂഡല്‍ഹി: ഫെബ്രുവരി അഞ്ചിന് ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കാനിരിക്ക പരസ്പര ആരോപണങ്ങളും പരിഹാസങ്ങളും അതിന്റെ സകലന്ത സീമകളും കടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന ആരോപണം ഉന്നയിച്ചതിന് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവ് ആവശ്യപ്പെട്ടിരുന്നു. അടങ്ങിയിരിക്കാന്‍ തയ്യാറാകാതിരുന്ന കെജ്‌രിവാള്‍ അഞ്ചു കുപ്പികള്‍ നിരത്തി ഇതു കുടിക്കാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനേയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും വെല്ലുവിളിച്ചിരുന്നു. കൊജ്രി വാള്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇതുപോലൊരു തിരഞ്ഞെടുപ്പ് താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
10 വര്‍ഷത്തെ ഭരണത്തിന് ശേഷം അരവിന്ദ് കെജ് രിവാള്‍ നേരിടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടിക്ക് അസ്തിത്വപരമായ പോരാട്ടം കൂടിയാണിത്.
ഈ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ പരാജയപ്പെട്ടാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി ഡല്‍ഹിക്ക് അപ്പുറം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച അധികാരത്തിന്റെ മനക്കേട്ടകളായിരിക്കും തകര്‍ന്നടിയുക. ഡല്‍ഹിക്കു പുറത്ത് ഇപ്പോഴും പ്രബലരായി തുടരുന്ന പഞ്ചാബില്‍ അടുത്ത തവണ ആപിനെ ഇതു ബാധിച്ചേക്കും. ഡല്‍ഹിയിലെ ഭരണനഷ്ടം കൂറുമാറ്റങ്ങള്‍ക്കും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപങ്ങള്‍ക്കും കാരണമായേക്കാം.
എന്നിരുന്നാലും, സമീപകാല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അഭിപ്രായവ്യത്യാസങ്ങളും മനോവീര്യവും നഷ്ടപ്പെട്ട പ്രതിപക്ഷ പാളയത്തിലെ കെജ്‌രിവാളിന്റെ ദേശീയ സ്ഥാനം വിജയിക്കുകയാണെങ്കില്‍ ശക്തിപ്പെടുകയും ചെയ്യും.
കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ത്യാ ബ്ലോക്കിനെ നയിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ പോകുന്ന കാഴ്ചക്കായിരിക്കും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പോടെ തീരിമാനമാവുക. ആപ് വിജയിച്ച് വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ദ്രപ്രസ്ഥത്തിലെ താരതമ്യേന ശക്തമായ ഡല്‍ഹി നിയമസഭക്കുള്ളിലേക്കാള്‍ ഇനിയും ഒന്നിച്ചിരിക്കുകയാണെങ്കില്‍ ഇന്ത്യാ മുന്നണിക്കകത്തായിരിക്കും കെജ് രിവാള്‍ കൂടുതല്‍ ശക്തനാവുക. മറ്റു പാര്‍ട്ടികള്‍ക്ക് കിട്ടാക്കനിയായി ഡല്‍ഹി കൊണ്ടുനടന്ന കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ അതേ ആയുധമാണ് ഇന്ന് ആപിന്റെ കഴുത്തിനു മീതെ ചാഞ്ഞുനില്‍ക്കുന്നത്, അഴിമതി.
മഹാരാഷ്ട്രയിലെ പരാജയം ചില്ലറയൊന്നുമല്ല കോണ്‍ഗ്രസ് പാളയത്തിനെ പിടിച്ചുലച്ചത്. മഹാ വികാസ് അഗാഡി പോലും ഏകദേശം തകര്‍ന്ന മട്ടാണ്. കാലങ്ങളായി ശക്തി കേന്ദ്രങ്ങളായി കൂടെ നിന്ന സംസ്ഥാനങ്ങളില്‍ നിന്നെല്ലാം പരാജയം രുചിക്കുന്നത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നില്ല എന്നുള്ളത് പരമമായ സത്യമാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അധികാരം പിടിക്കാമെന്നത് ഒരു വിധൂര സ്വപ്‌നം മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നിരുന്നാലും അത്ഭുതങ്ങളുടെ പ്രഹേളികയായ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇതെല്ലാം എത്രയോ തവണ നടന്നിരിക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന ഏക ഘടകം.
2013ലെ കോണ്‍ഗ്രസ് വിരുദ്ധ തരംഗവും ആക്ടിവിസ്റ്റ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും വഴി ആപ് അക്കാലത്ത് ഒരു പുതിയ ശക്തിയായിരുന്നു. തന്റെ മാവറിക് ശൈലി കൊണ്ട് കെജ്‌രിവാള്‍ പുതിയ പാര്‍ട്ടിയുടെ ജനപ്രിയ മുഖമായി മാറി. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ അങ്കലാപ്പിലാക്കി.
കഴിഞ്ഞ രണ്ട് ഡല്‍ഹി തെരഞ്ഞെടുപ്പുകളില്‍, ആപിന്റെ ഉയര്‍ച്ച പ്രധാനമായും കോണ്‍ഗ്രസിന്റെ പതനത്തിലേക്കാണ് നയിച്ചത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ അടര്‍ത്തിയെടുത്താണ് കഴിഞ്ഞ രണ്ടു തവണയും കെജ്‌രിവാള്‍ ഡല്‍ഹി പിടിച്ചടക്കിയത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ട് വിഹിതത്തോടെ 70ല്‍ 62 സീറ്റുകളും നേടാന്‍ ആപിനായി. ഒരര്‍ത്ഥത്തില്‍ സിംഹപ്രഭാവത്തില്‍ വിജയിച്ചു നിന്നിടത്തു നിന്ന് 2025ലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും തന്നെ അനുകൂലമല്ലെന്ന് കെജ്‌രിവാളിന് നന്നായി അറിയാം
ഇത്തവണ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ ചെറിയ വര്‍ദ്ധനവ് പോലും ആപിനെ ദോഷകരമായി ബാധിക്കുമെന്നും ഇത് ബി.ജെ.പിയെ സഹായിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ഇത്തവണ 50 സീറ്റുകള്‍ നേടുന്നതു പോലും ഒരു ബാലികേറാമലയാണെന്നാണ് ആപ് നേതാക്കള്‍ വിശ്വസിക്കുന്നത്.
സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ കെജ്‌രിവാളിന്റെ ക്ഷേമ പദ്ധതികള്‍ ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മാതൃകയായി മാറിയിട്ടുണ്ട്. എന്നിരുന്നാലും എത്ര കാലം ഇതുകൊണ്ട് അധികാരത്തിന്റെ കോലായയില്‍ ഞെളിഞ്ഞിരിക്കാമെന്ന് കണ്ടറിയണം.
ആപ് എന്നെന്നേക്കുമായി അവസാനിക്കുന്നത് കാണാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയുടെ ഡല്‍ഹിയിലെ പ്രചാരണം വളരെ ശക്തമാണ്. അതുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിയുടെ വസതിയിലെ അമിത ചെലവുകളും കെജ്‌രിവാളിനെയും അദ്ദേഹത്തിന്റെ വലംകൈ മനീഷ് സിസോദിയയെയും മറ്റുള്ളവരെയും മാസങ്ങളോളം ജയിലിലടച്ച മദ്യനയ കുംഭകോണത്തെയും ഉയര്‍ത്തിക്കാട്ടുന്നത്. ഈ ആരോപണങ്ങള്‍ ഏതെങ്കിലും തരത്തില്‍ കെജ്‌രിവാളിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടോ എന്നതിനനുസരിച്ചായിരിക്കും ഇത്തവണത്തെ ഡല്‍ഹിയിലെ തിരഞ്ഞടുപ്പ് ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."