ജൽജീവൻ രണ്ടാംഘട്ടത്തിൽ സംസ്ഥാന സർക്കാർ പണം നൽകിയില്ല; കരാറുകാർ നിർമാണ പ്രവൃത്തികൾ നിർത്തുന്നു -കുടിശിക 4,500 കോടി
കുറ്റിപ്പുറം(മലപ്പുറം): ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ രണ്ടാംഘട്ട വിഹിതം നൽകാത്തതിനെ തുടർന്ന് കരാറുകാർക്ക് കോടികളുടെ കുടിശിക. വെള്ളം കിട്ടാതെ പാതിവഴിയിൽ പദ്ധതി നിലയ്ക്കുമെന്ന ആശങ്കയിൽ ഗുണഭോക്താക്കളും.
കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ മൊത്തം കരാറുകാർക്ക് 4,500 കോടി രൂപയാണ് ജൽജീവനിൽ നിന്ന് കുടിശിക ഇനത്തിൽ ലഭിക്കാനുള്ളത്. കുടിശിക തീർക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഫെബ്രുവരി ഒന്നു മുതൽ പദ്ധതിയുടെ നിർമാണപ്രവൃത്തികൾ നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി കരാറുകാരുടെ സംയുക്ത സമരസമിതി രംഗത്തെത്തിയിരിക്കുകയാണ്.
സമരം സംബന്ധിച്ച ബാനറുകൾ കരാറുകാരുടെ സംഘടന പദ്ധതി പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സീനിയോറിറ്റി മറികടന്ന് വൻകിടക്കാർക്ക് അവിഹിതമായി പണം നൽകുന്നതായും കരാറുകാർ ആരോപിക്കുന്നു. ജൽജീവൻ മിഷനിൽ ബില്ലുകൾ കുടിശികയായതോടെ പുതിയ കരാറുകൾ ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഇതു കൂടാതെ നിലവിൽ പണി പുരോഗമിക്കുന്ന നിർമാണപ്രവൃത്തികൾ പോലും തുടരാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റിയെയും ധനവകുപ്പിനെയും രേഖാമൂലം അറിയിച്ചിട്ടും ബില്ലുകൾ മാറി നൽകാൻ നടപടിയുണ്ടായിട്ടില്ലെന്ന് വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്‌സ് അസോസിയേഷനും കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷനും പറയുന്നു.
44,714.78 കോടി രൂപ ചെലവിൽ 2019ൽ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി 2024 മാർച്ചിൽ പൂർത്തിയാക്കാനാണ് ആദ്യം നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് 2025 മാർച്ച് വരെ നീട്ടി നൽകുകയായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 5,152.51 കോടി സംസ്ഥാന വിഹിതവും 5,610.30 കോടി കേന്ദ്ര വിഹിതമായും ലഭ്യമാക്കിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് പണം മുടക്കാൻ കഴിഞ്ഞില്ല. ഇത് ജൽജീവൻ പദ്ധതിയെ സാരമായി ബാധിച്ചു.
സംസ്ഥാനത്തെ നിർമാണപ്രവൃത്തികളിൽ കാര്യമായ പുരോഗതിയില്ലെന്ന് കണ്ടതോടെ കേന്ദ്രസർക്കാർ 2024 ഓഗസ്റ്റിന് ശേഷം പുതിയ പ്രവൃത്തികൾക്ക് കരാർ നൽകരുതെന്ന് നിർദേശിച്ചു. മാത്രമല്ല, സംസ്ഥാന വിഹിതം രണ്ടാം ഘട്ടത്തിലേക്ക് ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇത് ജൽജീവൻ മിഷനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ഇതോടെ രണ്ടാംഘട്ടത്തിന് സംസ്ഥാന വിഹിതം കണ്ടെത്തുന്നതിന് ഹഡ്‌കോ, നബാർഡ്, എൽ.ഐ.സി ഉൾപ്പെടെയുളള ഏജൻസികളിൽ നിന്ന് വായ്പ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പദ്ധതി കാലാവധി നീട്ടുന്നതിനും പുതിയ കരാർ നൽകുന്നതിനുള്ള തീയതി നീട്ടികിട്ടുന്നതിനും കേന്ദ്രത്തിൽ നിന്ന് അനുമതി തേടാനുള്ള ശ്രമം തുടരുകയാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. സംസ്ഥാനത്തെ 104 വില്ലേജുകളിലായി 59,770 കിലോമീറ്റർ പൈപ്പ്ലൈനാണ് ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."