മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കവെ വാഹനത്തിന് തകരാർ, ഒരൊറ്റ കോളിൽ പാഞ്ഞെത്തി വാഹനത്തെയും ഡ്രൈവറെയും രക്ഷിച്ച് ഷാർജ പൊലിസ്
ഷാർജ: മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ വാഹനത്തിന്റെ ക്രൂസ് കൺട്രോൾ സംവിധാനം തകരാറിലായതോടെ അതിവേഗത്തിൽ നിർണായക ഇടപെടലുമായി ഡ്രൈവറുടെ രക്ഷക്കെത്തി ഷാർജ പൊലിസ്. വാഹനം അപകടത്തിൽപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയതോടെ വലിയ ദുരന്തമാണ് ഒഴിവായത്.
അൽ ദെയ്ദിലേയ്ക്കുള്ള യാത്രാ മധ്യേ വാഹനത്തിൻ ക്രൂസ് കൺട്രോൾ സംവിധാനം തകരാറിലാകുകയായരുന്നു. തുടർന്ന്, അടിയന്തര സഹായം തേടി ഷാർജ പൊലിസിൻ്റെ ഓപ്പറേഷൻസ് സെൻ്ററിലേയ്ക്ക് ഫോൺ വിളി എത്തിയതോടെയാണ് അധികൃതർ വേഗത്തിലുള്ള ഇടപെടലിലൂടെ ഡ്രൈവറെയും വാഹനത്തെയും രക്ഷപ്പെടുത്തിയത്. ഫോൺ എത്തിയ ഉടനെ ആദ്യം വാഹനം സഞ്ചരിക്കുന്ന മേഖലയിലെ പട്രോൾ സംഘത്തെ വിവരമറിയിച്ചു, പിന്നീട് തകരാറിലായ വാഹനത്തിന്റെ ഡ്രൈവറെ വിളിച്ച് വാഹനം സുരക്ഷിതമായി എങ്ങനെ നിർത്താമെന്നുമെല്ലാമുള്ള കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുകയായിരുന്നുവെന്ന് ഓപ്പറേഷൻസ് സെൻ്ററിലെ ആക്ടിങ് ഡയറക്‌ടർ കേണൽ ഡോ.ഹംദാൻ അൽ തുനാജി വ്യക്തമാക്കി. പെട്ടെന്നുള്ള അപകടസാധ്യതയിൽ ഡ്രൈവർക്കുണ്ടാകുന്ന പരിഭ്രമവും ടെൻഷനും സമ്മർദവുമെല്ലാം മനസിലാക്കി ഡ്രൈവറെ സമാധാനപ്പെടുത്തി കൊണ്ടാണ് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. അപ്പോഴേക്കും പട്രോൾ സംഘം വാഹനത്തിന് സമീപമെത്തി ഡ്രൈവറെയും വാഹനത്തെയും സുരക്ഷിതമാക്കുകയും ചെയ്തു.
പട്രോൾ സംഘത്തിന്റെയും, ഓപ്പറേഷൻസ് സെൻ്ററിലെ അധികൃതരുടെയും സമയോചിതമായ ഇടപെടലുകളിലൂടെ ഡ്രൈവർക്ക് വാഹനം അപകടമോ പരുക്കോ ഇല്ലാതെ സുരക്ഷിതമായി നിർത്താൻ കഴിഞ്ഞു. തുടർന്നും, അധികൃതർ ഡ്രൈവറുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്‌തു.
അറ്റകുറ്റപ്പണികൾ മറക്കരുത്
എല്ലാ വാഹന ഉടമകളും വാഹനത്തിൻ്റെ അറ്റകുറ്റപണികൾ കൃത്യമായി നടത്തണമെന്ന് കേണൽ ഡോ.അൽ തുനാജി പറഞ്ഞു. വാഹനത്തിൻ്റെ എല്ലാ സംവിധാനങ്ങളും ശരിയായ തരത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും, യാത്രാ മധ്യേ അടിയന്തര സാഹചര്യങ്ങൾ നേരിട്ടാൽ ഓപ്പറേഷൻസ് സെന്ററിലെ അധികൃതരെ 999 എന്ന നമ്പറിൽ വിളിച്ച് ഉടൻ തന്നെ സഹായം തേടണമെന്നും അദ്ദേഹം നിർദേശിച്ചു. വാഹനത്തിന്റെ സാങ്കേതിക തകരാറോ അല്ലെങ്കിൽ റോഡിൽ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമോ നേരിട്ടാൽ ഉടൻ തന്നെ അധികൃതരെ ബന്ധപ്പെടുക. ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചാൽ ഡ്രൈവറും ഒപ്പമുള്ളവരും മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് ഡോ.അൽ തുനാജി പറഞ്ഞു.
A Sharjah police officer has been hailed as a hero after saving a driver and his vehicle from a potentially disastrous crash, thanks to his swift thinking and prompt action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."