കെണിയൊരുക്കി ഓഫർ ലിങ്കുകൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ വ്യാപകമാകുന്നു; നിർദേശങ്ങൾ നൽകി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
അബൂദബി: 2024ൽ മാത്രം യുഎഇ നേരിട്ടത് 3.8 കോടി സൈബർ ആക്രമണങ്ങളെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് സൈബർ ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിൽ 36.5 ശതമാനം നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ആനുപാതികമായി സൈബർ ആക്രമണങ്ങളും വർധിച്ചുവെന്നും ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.
ഉപഭോക്താക്കൾക്കിടയിൽ വൻ പ്രചാരം നേടിയ പ്രമോഷൻ പദ്ധതികളായ ബ്ലാക്ക് ഫ്രൈഡേ, സൈബർ മൺഡേ എന്നിങ്ങനെ പരിമിത സമയം നൽകി എത്തുന്ന സൈബർ തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്. ഡിജിറ്റൽ വാലറ്റുകൾ പോലുള്ള സുരക്ഷിത പേയ്മെന്റ് രീതികളിലൂടെയും, വിശ്വസനീയ ഷോപ്പിങ് വെബ്സൈറ്റുകളിലൂടെയും മാത്രമേ ഓൺലൈൻ ഇടപാട് നടത്താവൂവെന്നും, സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും കൗൺസിൽ വ്യക്തമാക്കി.
നിശ്ചിത സമയത്തിനകം വാങ്ങുന്നവർ ഉൽപന്നത്തിന്റെ 10 ശതമാനമോ നാലിലൊന്നോ പകുതിയോ വില നൽകിയാൽ മതിയെന്നു പറഞ്ഞ് എത്തുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങളിൽ വഞ്ചിതരാകരുത്. ഇത്തരം ലിങ്കുകളിൽ പ്രവേശിച്ച് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളും ഒടിപിയും നൽകിയാൽ നിമിഷ നേരം കൊണ്ട് അക്കൗണ്ട് കാലിയാകും. പലപ്പോഴും തട്ടിപ്പ് നടത്തുന്നത് യഥാർഥ കമ്പനികളുടെ ഓഫറുകളോട് സാമ്യം തോന്നും വിധം വ്യാജ വെബ്സൈറ്റുകൾ നിർമിച്ചുകൊണ്ടാണ്.
കൂടാതെ,അവധിക്കാല ഓഫറുകളിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് സൗജന്യമായി വീട്ടിലെത്തിക്കുമെന്നും 'ഇന്ന് ഓർഡർ നൽകുന്നവർക്ക് പ്രത്യേക ഇളവ്' എന്നും പറഞ്ഞ് വരുന്ന പരസ്യങ്ങളും സൂക്ഷിക്കണം. സാധനങ്ങൾ അയയ്ക്കാൻ ഇന്ന് സാധിക്കില്ലെന്നും പേയ്മെൻ്റ് വിശദാംശങ്ങൾ ക്ലിക്ക് ചെയ്ത് ഉടൻ പരിശോധിക്കണമെന്നും പറഞ്ഞു വരുന്ന ലിങ്കിൽ പ്രവേശിച്ചാലും അക്കൗണ്ടിലെ പണം നഷ്ടമാകാൻ സാധ്യതയുണ്ട്. ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.
നിർദേശങ്ങൾ
1) സുരക്ഷിത ഇടപാടുകൾക്കായി ഡിജിറ്റൽ വോലറ്റുകൾ ഉപയോഗിക്കുക.
2) ഓൺലൈൻ ഇടപാടുകൾക്കായി കുറഞ്ഞ ക്രെഡിറ്റ് പരിധിയുള്ള കാർഡുകൾ ഉപയോഗിക്കുക.
3) സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുക.
4) വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതിന് മുൻപ് സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
5) പതിവായി ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ പരിശോധിച്ച് അനധികൃത ഇടപാടില്ലെന്ന് ഉറപ്പുവരുത്തുക.
6) വിശ്വസനീയമല്ലാത്തതും, സംശയാസ്പദവുമായ വ്യാപാരികളുമായിട്ടുള്ള ഇടപാടുകൾ ഒഴിവാക്കുക.
7) ഇമെയിൽ, എസ്എംഎസ്, ചാറ്റ് എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിലൂടെ പണം അടയ്ക്കാതിരിക്കുക.
8) കമ്പനിയുടെ യഥാർഥ വെബ്സൈറ്റിൽ മാത്രം പ്രവേശിച്ച് ഇടപാട് നടത്തുക.
The UAE Cyber Security Council has issued a warning about the increasing cases of credit/debit card scams and phishing attacks, offering safety tips and precautions to protect users from financial fraud.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."