കുംഭമേളയിലെ അപകടത്തില്‍ 30 മരണം; സ്ഥിരീകരിച്ച് യു.പി സര്‍ക്കാര്‍, അറുപതിലേറെ പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ചതായി സ്ഥിരീകരണം. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും ഉത്തര്‍പ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരുക്കേറ്റ ആരുടേയും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമികവിവരം. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
എട്ട് കോടിക്കും പത്ത് കോടിക്കും ഇടയില്‍ തീര്‍ത്ഥാടകര്‍ ഇന്നത്തെ അമൃത സ്‌നാനത്തില്‍ പങ്കെടുത്തെന്നും ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം കുംഭമേളയിലെ ദുരന്തത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിഐപി സന്ദര്‍ശനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ സര്‍ക്കാരിന്റെ വീഴ്ചക്ക് ഇരയായി എന്നും ഇനിയെങ്കിലും ക്രമീകരണങ്ങള്‍ നേരാംവണ്ണം സജ്ജമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."