പ്രവാസി ഇന്ത്യക്കാർക്ക് ഇൻഡക്സേഷൻ ആനുകൂല്യം ഉറപ്പുവരുത്തണം :ഹാരിസ് ബീരാൻ എം പി ധനമന്ത്രിക്ക് കത്തയച്ചു
ന്യൂ ഡൽഹി : ദീർഘകാല മൂലധനത്തിനുമേൽ 2024-25 ലെ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച ഇൻഡക്‌സേഷൻ ആനുകൂല്യത്തിൽ പ്രവാസി ഇന്ത്യക്കാരെ ഉൾപ്പെടുത്താത്ത നടപടി പുന പരിശോധിക്കണമെന്നും എൻ ആർ ഐക്കാർക്കും ഇൻഡക്‌സേഷൻ ആനുകൂല്യം ഉറപ്പുവരുത്തണമെന്നും അഡ്വ ഹാരിസ് ബീരാൻ എം പി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച യൂണിയൻ ബജറ്റ് പ്രഖ്യാപിക്കാനിരിക്കെയാണ് എം പി നിർദ്ദേശം മുന്നോട്ട് വച്ചത്.
2024 ജൂലൈ 23-ന് മുമ്പ് സ്വായത്തമാക്കിയ പ്രോപ്പർട്ടികകളുടെമേൽ ദീർഘകാല മൂലധനത്തിനുള്ള ഇൻഡക്‌സേഷൻ ആനുകൂല്യം പുനരാരംഭിച്ച കേന്ദ്ര നടപടി അഭിനന്ദനീയമാണെന്നും, എന്നാൽ പ്രസ്തുത ആനുകൂല്യം ഏറ്റവും അർഹതപ്പെട്ട വിഭാഗമാണ് പ്രവാസി ഇന്ത്യക്കാർ എന്നും ഹാരിസ് ബീരാൻ സൂചിപ്പിച്ചു.
1961-ലെ ആദായനികുതി നിയമത്തിന്റെ 112-ാം വകുപ്പിന് കീഴിലുള്ള ഇൻഡെക്‌സേഷൻ ആനുകൂല്യം ലഭിക്കുന്നതിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ (എൻആർഐ) ഒഴിവാക്കിയ നടപടി ബോധപൂർവ്വമായിരിക്കാൻ ഇടയില്ല എന്നും അത്തരം അനീതികൾ എത്രയും വേഗം തിരുത്തേണ്ടത് അനിവാര്യമാണെന്നും എം പി ആവശ്യപ്പെട്ടു.
പ്രവാസി ഇന്ത്യക്കാരെ പ്രോപ്പർട്ടി ഇടപാടുകളിൽ ഏർപ്പെടുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താതിരിക്കാനും ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിലുള്ള അവരുടെ വിശ്വാസം നിലനിർത്താനും അവർക്ക് ഇൻഡക്‌സേഷൻ ആനുകൂല്യം ആവശ്യമാണ്. നിലവിൽ എൻആർഐകൾ ഉൾപ്പെടുന്ന പ്രോപ്പർട്ടി ഇടപാടുകൾ ഗണ്യമായി കുറഞ്ഞതു വഴി മൊത്തത്തിലുള്ള പ്രോപ്പർട്ടി മാർക്കറ്റിനെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.
ഇൻഡെക്സേഷൻ ഇല്ലാതെയുള്ള ഉയർന്ന നികുതി ഭാരം എൻആർഐകൾക്കിടയിൽ പ്രതികൂലമായ വികാരം സൃഷ്ടിച്ചു, ഇത് ഭാവിയിലെ ഇന്ത്യയിലെ നിക്ഷേപങ്ങളെ തടയാൻ സാധ്യതയുണ്ടെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു ഭേദഗതി എൻആർഐകൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക മാത്രമല്ല, ഇന്ത്യയെ അനുകൂലമായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ അവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിലേക്ക് നയിക്കുമെന്നും എം പി പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."