ബിസ്കറ്റ് പാക്കറ്റിൽ തൂക്കവും,എണ്ണവും കുറവ്, പാർലെയ്ക്ക് പിഴയിട്ട് കോടതി
മലപ്പുറം: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ തൂക്ക കുറവ്. കൂടാതെ പാക്കറ്റുകളിലും കുറവ് കണ്ടത്തിനെ തുടർന്ന് കാളികാവ് സ്വദേശി നൽകിയ പരാതിയിൽ ബിസ്കറ്റ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. കാളികാവ് അരിമണൽ സ്വദേശി മെർലിൻ ജോസാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാർലെ ബിസ്‌ക്കറ്റ് പാക്കറ്റിൽ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകൾക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് മെർലിന്റെ പരാതി.
മെർലിൻ ജോസിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പാർലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികൾക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിച്ചത്. പാക്കറ്റിൽ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടർന്നാണ് കമ്മീഷനെ പരാതിക്കരി സമീപിച്ചത്. മനുഷ്യസ്പർശമില്ലാതെ പൂർണ്ണമായും യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മാണവും പാക്കിങ്ങും നടക്കുന്നതിനാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാൽ ഒഴിവാക്കപ്പെടുന്നതാണ് കമ്പനിയുടെ രീതിയെന്നുമാണ് എതിർ കക്ഷി കോടതിയിൽ ബോധിപ്പിച്ചത്.
കമ്മീഷൻ മുമ്പാകെ ഹാജരാക്കിയ ബിസ്‌കറ്റ് പാക്കറ്റുകൾ തൂക്കി നോക്കിയതിൽ 604.8 ഗ്രാമിനു പകരം 420 ഗ്രാം മാത്രമേ ഉള്ളൂവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000/രൂപയും പരാതിക്കാർക്ക് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിധി തുകയ്ക്ക് 12 ശതമാനം പലിശ നൽകണം. കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."