രാജ്യത്ത് ആദ്യം: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരും
റാഞ്ചി: ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യു.സി.സി) നിലവിൽ വരും. സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇതോടെ ഉത്തരാഖണ്ഡ് മാറും. ഇന്ന് ഉച്ചക്ക് വിവാഹം ഉൾപ്പടെയുള്ളവ രജിസ്റ്റർ ചെയ്യാനുള്ള യു.സി.സി വെബ്സൈറ്റ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം ചെയ്യും.
ഇത് സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ ഇനി മുതൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത്. പിന്നീട്, സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉത്തരാഖണ്ഡിൽ പുതിയ സർക്കാർ രൂപീകരിച്ച ശേഷം മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ സംസ്ഥാനത്ത് യുസിസി നടപ്പാക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് യു.സി.സി നടപ്പിലാക്കാനുള്ള തീരുമാനം. ഫെബ്രുവരി ഏഴിനായിരുന്നു യുണിഫോം സിവിൽ കോഡ് ഉത്തരാഖണ്ഡ് 2024 ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. പിന്നീട്, രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാർച്ച് 12 ന് വിജ്ഞാപനം ചെയ്യുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.
നിലവിൽ, ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിൻ്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരമാണ് വിവാഹം നടക്കുന്നതെങ്കിലും 60 ദിവസത്തിനകം യുസിസി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ, സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയെല്ലാം നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Uttarakhand is set to become the first state in India to implement a unified civil code, marking a significant development in the country's legal framework.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."