തെക്കന്‍ നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം
അബുജ: നൈജീരിയയിലെ തെക്കുകിഴക്കന്‍ എനുഗു പ്രവിശ്യയില്‍ പെട്രോള്‍ ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിച്ച് 18 പേര്‍ മരിച്ചു. വടക്കന്‍ നൈജീരിയയില്‍ 100 ഓളം പേരുടെ മരണത്തിനിടയാക്കിയ പെട്രോള്‍ ടാങ്കര്‍ അപകടം നടന്ന് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് എനുഗുവിലും സമാന സംഭവം നടന്നത്.
ടാങ്കറിന് ബ്രേക്ക് തകരാര്‍ സംഭവിക്കുകയും ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തശേഷം എക്‌സ്പ്രസ് വേയിലെ ഒരു ഡസനിലധികം വാഹനങ്ങളില്‍ ഇടിച്ചുവെന്ന് ഫെഡറല്‍ റോഡ് സേഫ്റ്റി കോര്‍പ്‌സ് വക്താവ് ഒലുസെഗുന്‍ ഒഗുങ്‌ബെമൈഡ് പ്രസ്താവനയില്‍ പറഞ്ഞു.
10 പേരെ വിവിധ പരുക്കുകളോടെ രക്ഷപ്പെടുത്തിയതായും മറ്റ് മൂന്ന് പേര്‍ക്ക് പരുക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിര്‍ഭാഗ്യവശാല്‍, 18 ഇരകളേയും തിരിച്ചറിയാന്‍ കഴിയാത്തവിധം പൊള്ളലേറ്റിട്ടുണ്ട്,' ഒഗുങ്‌ബെമൈഡ് പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ നൈജീരിയയില്‍ ഇന്ധന ടാങ്കറുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ സാധാരണയായി മാറിയിട്ടുണ്ട്. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."