കാവിലക്കാട് പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; നിരവധി പേർക്ക് പരുക്കേറ്റു
കുന്നംകുളം: തൃശൂർ ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. നേരത്തെ ഇടഞ്ഞ കൊമ്പൻ കീഴൂട്ട് വിശ്വനാഥനാണ് വീണ്ടും ഇടഞ്ഞത്. ആനയെ കൊണ്ടുപോകുന്നതിനായി ചിറ്റഞ്ഞൂർ പാടം വഴി നടത്തിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം. ആനയിടഞ്ഞ് അമ്പലത്തിന്റെ ഭാഗത്തേക്ക് ഓടുകയായിരുന്നു. ആന ഓടിവരുന്നത് കണ്ട് അമ്പലത്തിന് സമീപത്ത് നിന്നിരുന്ന നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആന തിരിയുകയും ചെയ്തു.
ഇതോടെ ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. സംഭവ സമയത്ത് അമ്പലത്തിന് സമീപം കച്ചവടം നടത്തിയിരുന്ന കേച്ചേരി പാറന്നൂർ സ്വദേശിനി ചെറുവത്തൂർ വീട്ടിൽ മേരിക്കാണ് (63) ആന വരുന്നത് കണ്ട് പേടിച്ച് ഓടുന്നതിനിടെ പരുക്കേറ്റത്. പരുക്കേറ്റ മേരിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയെയും സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയി.
സംഭവത്തിന് മണിക്കൂറുകൾ മുമ്പേ കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞ് നാല് പേർക്ക് പരുക്കേറ്റിരുന്നു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്ന് താഴേക്ക് ചാടിയവർക്കാണ് പരുക്കേറ്റത്. രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരുക്കേറ്റത്. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ.
ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയായിരുന്നു, പിന്നീട് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Chaos erupted at the Kavilakad Pooram festival as a rogue elephant ran amok, leaving several people injured and sparking concerns about animal safety and festival management.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."