തിരികെയെത്തുന്നു ഒരു വര്‍ഷ ബി.എഡ്, എം.എഡ് കോഴ്‌സുകള്‍
കൊല്ലം: 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവര്‍ഷത്തെ ബി.എഡ്, എം.എഡ് കോഴ്‌സുകള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികളുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചർ എജ്യുക്കേഷന്‍ (എന്‍.സി.ടി.ഇ). പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഒരുവര്‍ഷ കോഴ്‌സുകള്‍ പുനഃസ്ഥാപിക്കുന്നത്. പുതിയ വിദ്യാഭ്യാസനയ വ്യവസ്ഥകള്‍ക്കനുസൃതമായി ഒരു വര്‍ഷത്തെ ബി.എഡ്, എം.എഡ് ഉള്‍പ്പെടെ വിവിധ അധ്യാപക പരിശീലന കോഴ്‌സുകളുടെ കരിക്കുലം ചട്ടക്കൂട് തയാറാക്കാനായി ഉന്നതതലസമിതിയും രൂപീകരിച്ചു.
ഇതിന്റെ കരടുനിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നാലുവര്‍ഷ ബിരുദമോ രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയവർക്കാണ് ഒരു വര്‍ഷ ബി.എഡ് കോഴ്‌സിന് ചേരാനാകുക. മൂന്ന് വര്‍ഷ ബിരുദം ഉള്ളവര്‍ക്കായി രണ്ടു വര്‍ഷ ബി.എഡ് കോഴ്‌സ് തുടരും. ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവർക്ക് ഒരുവര്‍ഷ എം.എഡിന് ചേരാം.
മൂന്നുവര്‍ഷ ബിരുദവും ബി.എഡും ഉള്ളവര്‍ രണ്ടുവര്‍ഷ എം.എഡ് കോഴ്‌സ് പൂർത്തിയാക്കണം. നാലുവര്‍ഷബിരുദത്തിന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വര്‍ഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഒരു വര്‍ഷകോഴ്‌സുകള്‍ തിരികെ കൊണ്ടുവരുന്നത് ബി.എഡ്, എം.എഡ് കോഴ്‌സുകള്‍ ആരംഭിച്ചതുമുതല്‍ ഒരുവര്‍ഷമായിരുന്നു. അധ്യാപക പരിശീലനത്തിന് മതിയായ നിലവാരം ഇല്ലെന്ന വാദഗതികളെ തുടര്‍ന്ന് 2014ല്‍ ഇത് നിര്‍ത്തലാക്കി. തുടര്‍ന്ന് കോഴ്സുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കി ഉയര്‍ത്തുകയായിരുന്നു.
നിലവാരത്തെ ബാധിക്കുമെന്ന് ആശങ്ക
ഒരു വര്‍ഷത്തെ ബി.എഡ് കോഴ്‌സ് തിരികെ കൊണ്ടുവരുന്നത് അധ്യാപക പരിശീലനത്തിന്റെ നിലവാരത്തെ ബാധിക്കുമോയെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. അതേസമയം, ഒരുവര്‍ഷത്തെ ബി.എഡിലൂടെ എല്ലാ അധ്യാപക വിദ്യാഭ്യാസ പരിപാടികളിലും തുല്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോഴ്‌സിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും സ്‌കൂളുകളില്‍ ഇന്റേണ്‍ഷിപ്പ് പോലുള്ള പ്രായോഗിക പരിശീലനം ഉറപ്പാക്കുമെന്നും എന്‍.സി.ടി.ഇ വ്യക്തമാക്കി.
യോഗ, സംസ്‌കൃതം, കല, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ പ്രോഗ്രാം (ഐ.ടി.ഇ.പി) കോഴ്‌സുകള്‍ ഈവര്‍ഷം മുതല്‍ ആരംഭിക്കാനും എന്‍.സി.ടി.ഇ പദ്ധതിയിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."