ഉരുൾ ദുരന്തം: ഫിറോസിന്റെ ശേഷിപ്പുകൾ ഇനി മനുപ്രസാദിന് കരുത്താകട്ടെ
കൽപ്പറ്റ: മനുപ്രസാദിന് അത്രമേൽ വൈകാരികമായ അടയാളമാവുകയാണ് ഉരുളെടുത്ത നാടിനൊപ്പം കാണാതായ ആത്മസുഹൃത്ത് പുതുപ്പറമ്പിൽ ഫിറോസിന്റെ ശേഷിപ്പുകൾ. മനുപ്രസാദും ഫിറോസും മുണ്ടക്കൈയിൽ ജനിച്ചുവളർന്നവരാണ്. ഒരു വർഷം മുൻപ് ബത്തേരിയിലേക്ക് മനുപ്രസാദിന്റെ കുടുംബത്തെ പറിച്ചുനട്ടെങ്കിലും അവരുടെ ബന്ധത്തിന് ഒരു കോട്ടവും തട്ടിയില്ല.
വിദേശത്ത് പോയ മനു തിരിച്ചെത്തിയാൽ പകലിൽ ജന്മനാട്ടിലുണ്ടാവും. ഫിറോസടങ്ങുന്ന കൂട്ടുകാരായിരിക്കും ചുറ്റിലും. അവർക്കിടയലേക്കാണ് ഉരുൾ കണ്ണീരുമായെത്തിയത്. ദുരന്തത്തിൽ ഫിറോസും ഭാര്യയും മകളും ഉപ്പയും ഉമ്മയുമെല്ലാം അകപ്പെട്ടു. ഫിറോസിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ശേഷിപ്പുകളായ വാച്ചും തകർന്ന മൊബൈൽഫോണും ഡ്രൈവിംഗ് ലൈസൻസിന്റെ ചെറിയഭാഗവും കുറച്ച് നാണയങ്ങളുമാണ് ആകെ ലഭിച്ചത്.
അനുജൻ ഫിർഷാദ് ഇവ കൈപ്പറ്റി മനുവിന് ഫോട്ടോ അയച്ചുകൊടുത്തിരുന്നു. അന്ന് ഗൾഫിലായിരുന്ന മനു ഫിർഷാദിന് അവ തനിക്ക് വേണമെന്നും കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നാട്ടിലെത്തിയാണ് ആത്മമിത്രത്തിന്റെ ശേഷിപ്പുകൾ മനു സ്വീകരിച്ചത്, ആ ശേഷിപ്പുകളെ ഹൃദയത്തിൽ പുണരുകയാണ് ഫിറോസ് കൂടെയുണ്ടെന്ന വിശ്വാസത്തിൽ. സഹോദരി ആവശ്യപ്പെട്ടിട്ടും നൽകാതെ ഫിർഷാദ് അവ മനുവിന് കൈമാറിയതും അവരുടെ സൗഹൃദത്തിന്റെ ആഴം അറിയുന്നത് കൊണ്ടായിരുന്നു.
ഫിറോസിന്റേതെന്ന് കരുതി മുൻപ് ഒരു ഭൗതികശരീരം ഖബറടക്കിയിരുന്നു. എന്നാൽ ഡി.എൻ.എ ഫലം വന്നപ്പോൾ അത് മറ്റൊരാളുടേതായി. ഇപ്പോഴും കാണാമറയത്താണ് ഫിറോസ്. മറവിക്ക് കൂട്ടുകാരനെ വിട്ടുകൊടുക്കാൻ മനുപ്രസാദ് തയ്യാറല്ല. ആ സൗഹൃദത്തിന്റെ ഒാർമകളെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."