അഹിംസയുടെ ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ അക്രമം നടത്തേണ്ടി വരും; ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി
അഹമ്മദാബാദ്: അഹിംസയുടെ ആശയം സംരക്ഷിക്കാന്‍ അക്രമം പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി. ഹിന്ദുക്കള്‍ എപ്പോഴും തങ്ങളുടെ മതം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും, ഇന്ത്യ എല്ലാവരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകണമെന്നും ഭയ്യാജി ജോഷി പറഞ്ഞു. മാത്രമല്ല അധര്‍മ്മത്തെ ചെറുക്കാന്‍ പൂര്‍വ്വികരായ പാണ്ഡവര്‍ യുദ്ധനിയമങ്ങളെ മാറ്റിവെച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാവ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടന്ന ഹിന്ദു അധ്യാത്മിക സേവാമേള ഉദ്ഘാടന ചടങ്ങിലാണ് ജോഷിയുടെ പരാമര്‍ശം.
' ഇന്ത്യ എല്ലാവരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകണം. ഹിന്ദുക്കള്‍ എപ്പോഴും തങ്ങളുടെ മതം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ധര്‍മ്മം സംരക്ഷിക്കാന്‍ മറ്റുള്ളവര്‍ അധര്‍മ്മം എന്ന് മുദ്രകുത്തുന്ന കാര്യങ്ങള്‍ പോലും നമുക്ക് ചെയ്യേണ്ടി വരും. അത്തരം കാര്യങ്ങള്‍ നമ്മുടെ പൂര്‍വ്വികരും ചെയ്തിട്ടുണ്ട്. അധര്‍മ്മത്തെ ചെറുക്കാന്‍ പാണ്ഡവര്‍ക്ക് യുദ്ധനിയമങ്ങളെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.
ഹിന്ദു മതത്തില്‍ അഹിംസയുടെ ഘടകമുണ്ട്. എന്നാലും, അഹിംസ എന്ന ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ നമുക്ക് അക്രമം നടത്തേണ്ടി വരും. അല്ലെങ്കില്‍, അഹിംസ എന്ന ആശയം ഒരിക്കലും സുരക്ഷിതമാകില്ല.വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) ആണ് നമ്മുടെ ആശയം. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കിയാല്‍ ഒരു സംഘര്‍ഷവും ഉണ്ടാകില്ല. ശക്തമായ ഇന്ത്യയും ശക്തമായ ഹിന്ദു സമൂഹവും എല്ലാവര്‍ക്കും പ്രയോജനകരമാണെന്ന് ലോകത്തിന് ഉറപ്പ് നല്‍കുന്നു. കാരണം ഞങ്ങള്‍ ദുര്‍ബലരെയും അധഃസ്ഥിതരെയും സംരക്ഷിക്കും. ഇതാണ് ഹിന്ദുവിന്റെ പ്രത്യയശാസ്ത്രമെന്നും ജോഷി പറഞ്ഞു.
സഭയോ മിഷനറിമാരോ പോലുള്ള ചില സ്ഥാപനങ്ങള്‍ മാത്രമാണ് നിസ്വാര്‍ഥ സേവനം ചെയ്യുന്നതെന്നത് മിഥ്യയാണ്. ദിവസേന ഒരു കോടിയോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു പുരാതന പാരമ്പര്യം നമ്മുടെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉണ്ടായിരുന്നു. ഹിന്ദുമത സംഘടനകള്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല, അവര്‍ സ്‌കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."