കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; കൊലയ്ക്ക് കാരണം കൂടെ വരാനുള്ള ആവശ്യം നിരസിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്. എറണാകുളത്ത് താമസക്കാരനായ കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയിരുന്നതായാണ് വിവരം.
തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ജോണ്‍സണ്‍ മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പെരുമാതുറയില്‍ ഒരുവീട്ടില്‍ ഏതാനും ദിവസം താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വരെ പ്രതി ഇവിടെയുണ്ടായിരുന്നതായും പിന്നീട് പുറത്തുപോവുകയും തിരിച്ചുവന്നിട്ടില്ലെന്നും വിവരം ലഭിച്ചു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്താണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. പ്രതി ട്രെയിനില്‍ കയറി രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലിസ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്‌കൂട്ടര്‍ കഠിനംകുളം പൊലിസ് സ്റ്റേഷനിലെത്തിക്കുകയും വാഹനം തുറന്നു പരിശോധിക്കുകയും ചെയ്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. തിരുവനന്തപുരം റൂറല്‍ എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന് പുറമേ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും ഡാന്‍സാഫ് സംഘവും കഠിനംകുളം, ചിറയിന്‍കീഴ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും ക്ഷേത്രം പൂജാരിയുമായ രാജീവിനെ വീണ്ടും ചോദ്യം ചെയ്യും.
വെഞ്ഞാറമൂട് ആലിയാട് പ്ലാവിട വീട്ടില്‍ ആതിര (30) ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കഴുത്തിന് കുത്തേറ്റ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. രാവിലെ ക്ഷേത്രത്തില്‍ പൂജയ്ക്കുപോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് കുത്തേറ്റനിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."