തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്
കൊച്ചി: ഇന്നലെ പ്രഖ്യാപിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്. സഞ്ജുവിനെ പുറത്താക്കിയതിനു പിന്നില്‍ കെസിഎ അധികൃതരുടെ ഈഗോ കാരണമാണെന്നും ഇതാണ് സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നതെന്നും ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ പ്രതികരണം. സഞ്ജുവിന് തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്നാണ് കെസിഎ പ്രസിഡന്റ് പ്രതികരിച്ചത്.
'സഞ്ജുവിന് സ്ക്വാഡില്‍ വരാന്‍ ഒരു ക്യാമ്പ് ആവശ്യമില്ലെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സഞ്ജുവിന് തോന്നുമ്പോള്‍ മാത്രം വന്ന് പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒന്നാണോ കേരള ടീം? സഞ്ജു കെസിഎയിലൂടെയാണ് ഇന്ത്യന്‍ ടീമിലെത്തിയത്.' ജയേഷ് ജോര്‍ജ് പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു കാരണങ്ങളൊന്നും നല്‍കാതെ വിട്ടുനിന്നുവെന്നും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി. 'ഞാനുണ്ടാകില്ല' എന്ന ഒറ്റവരി മെയില്‍ മാത്രമാണ് സഞ്ജു കെസിഎ സെക്രട്ടറിക്ക് അയച്ചത്.
ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഞാനുണ്ടാകുമെന്ന മെയിലും അയച്ചിരുന്നു. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോള്‍ സീനിയര്‍ ആയ, ഉത്തരവാദിത്തപ്പെട്ട താരം ഒരു വരി സന്ദേശമാണോ അയക്കുക. കാരണവും വിശദീകരിച്ചിട്ടില്ല. ജയേഷ് ജോര്‍ജ് വ്യക്തമാക്കി.
വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു കാരണം പറയാതെ വിട്ടുനിന്നതിനെ കുറിച്ച് ബി.സി.സി.ഐ അന്വേഷണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതു മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടംലഭിക്കാതിരുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."