എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി
ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിലോമീറ്റർ പരിധിയിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയ്ക്കാണ് ഈ നിയന്ത്രണം എർപ്പെടുത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന നോൺ വെജ് ഭക്ഷണാവശിഷ്ടങ്ങൾ കഴുകനെ പോലുള്ള പക്ഷികളെ ആകർഷിക്കുമെന്നും ഇത് എയ്റോ ഷോയിൽ അപകടങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു. ഉത്തരവ് ലംഘിച്ചാൽ ബിബിഎംപി ആക്റ്റ്-2020 പ്രകാരവും ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 ലെ 91-ാം ചട്ട പ്രകാരവും ശിക്ഷിക്കപ്പെടുമെന്ന് അറിയിപ്പിൽ പറയുന്നു.
എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലാണ് നടക്കുന്നത്. പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, എയ്‌റോസ്‌പേസ് കമ്പനികളുടെ മേള ഉൾപ്പെടുന്ന വലിയ എക്‌സിബിഷൻ എന്നിവയും എയ്‌റോ ഇന്ത്യയിലുണ്ടാകും. 1996 മുതൽ ബെംഗളൂരുവിൽ എയ്റോ സ്പെയിസ് എക്സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."