വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം
ദുബൈ: വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ തൊഴിലുടമ മരിച്ചാൽ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി ചെയ്യാൻ സാധിക്കാത്ത വിധം തൊഴിലാളിക്ക് പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയാലും തൊഴിൽകരാർ റദ്ദാകും. കാലാവധി രേഖപ്പെടുത്താതെ തയ്യാറാക്കിയിട്ടുള്ള തൊഴിൽ കരാറുകൾ ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ അപേക്ഷ പ്രകാരം റദ്ദാക്കാമെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലാളിക്കെതിരെ കോടതി അന്തിമവിധി പുറപ്പെടുവിക്കുകയും മൂന്ന് മാസത്തിൽ കുറയാത്ത തടവ് വിധിക്കുകയും ചെയ്യുക, ജോലി ചെയ്യുന്ന കമ്പനി അടച്ചുപൂട്ടുക തുടങ്ങിയ സാഹചര്യങ്ങളിലും തൊഴിൽ കരാർ അസാധുവാകും. വിവിധ സംശയങ്ങൾക്കുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യങ്ങൾ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധികളാൽ സ്‌ഥാപനം പാപ്പരായതായി പ്രഖ്യാപിക്കപ്പെട്ടാൽ, നിലവിലെ തൊഴിലാളികളുടെയെല്ലാം കരാർ റദ്ദാകുമെന്നും അറിയിപ്പിൽ പറയുന്നു.
കമ്പനിക്ക് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഇല്ലാത്ത സാഹചര്യങ്ങളിലും തൊഴിലുടമ കാരണമില്ലാതെ തൊഴിലാളി ലേബർ കാർഡ് പുതുക്കാൻ മടിച്ചാലും കരാർ റദ്ദാക്കാൻ കഴിയും. സ്പോൺസറുടെ അറിവില്ലാതെ തൊഴിലാളി മറ്റൊരു സ്‌ഥാപനത്തിൽ ജോലി ചെയ്താലും വീസ റദ്ദാക്കാനുള്ള അവകാശം തൊഴിലുടമക്കുണ്ട്.
വീസ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്താലും തൊഴിലുടമയ്ക്ക് നിലവിലുള്ള കരാർ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാൻ മന്ത്രാലയം അനുമതി നൽകി. ജോലി ചെയ്യുന്ന കമ്പനിയുടെ രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നവരെയും പിരിച്ചുവിടാം. ആശയപരമായോ നിർമാണപരമായതോ ആയ കമ്പനി രഹസ്യങ്ങൾ പരസ്യമാക്കാൻ പാടില്ലെന്നാണ് തൊഴിൽ നിയമത്തിൽ പറയുന്നത്. കൂടാതെ, ജോലിക്കായി വ്യാജ തൊഴിൽ രേഖകൾ നൽകിയാലും വേഷം മാറി ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴിൽ കരാർ റദ്ദാക്കാം.
തൊഴിലുടമക്ക് നഷ്‌ടം വരുത്തുക, മനഃപൂർവം തൊഴിൽ മുതൽ നശിപ്പിക്കുക, തൊഴിലിന്റെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്കായി സ്‌ഥാപനം സ്വീകരിച്ച ആഭ്യന്തര മാർഗനിർദേശങ്ങൾ ലംഘിക്കുക, തുടങ്ങിയ സാഹചര്യങ്ങളിലും തൊഴിലാളിയെ പിരിച്ചുവിടാം. ജോലി സമയത്തുള്ള ലഹരി ഉപയോഗം, തൊഴിലിടങ്ങളിലെ സദാചാര വിരുദ്ധ പെരുമാറ്റം എന്നിവയാലും തൊഴിൽകരാർ റദ്ദാക്കാവുന്നതാണ്.
തൊഴിലുടമ, മാനേജർ, ഏതെങ്കിലും വകുപ്പ് തലവൻമാർ, സഹപ്രവർത്തകർ എന്നിവർക്കു നേരെയുള്ള കയ്യേറ്റവും വീസ റദ്ദാക്കാൻ കാരണമാണ്. കൂടാതെ വിവിധ കാരണങ്ങളാൽ വർഷത്തിൽ 20 ദിവസത്തിൽ കൂടുതൽ പലപ്പോഴായി ജോലിയിൽ നിന്ന് വിട്ടു നിന്നാലും തൊഴിൽ കരാർ റദ്ദാക്കാനാകും. ഒരാഴ്ച തുടർച്ചയായി ജോലിയിൽ നിന്ന് മുങ്ങുന്നവരെയും പിരിച്ചുവിടാം. തൊഴിൽ പദവികളുടെ ദുരപയോഗവും തൊഴിലുടമയ്ക്ക് കരാർ റദ്ദാക്കാനുള്ള കാരണമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Discover the circumstances under which employment contracts on personal visas can be deemed invalid in the UAE, and learn more about the implications of such contracts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."