'26 വര്‍ഷത്തെ കാത്തിരിപ്പ്'; സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി തൃശൂര്‍
തിരുവനന്തപുരം: 26 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കലാകിരീടം ചൂടി തൃശൂര്‍. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. തുടക്കം മുതൽ ഒന്നാം സ്ഥാനം നിലനിർത്തിപ്പോന്നിരുന്ന കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആയിരം പോയിന്റുമായി കോഴിക്കോടാണ് നാലാം സ്ഥാനത്ത്. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില.
സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 171 പോയിന്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.106 പോയിന്റുമായി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്ററി സ്‌കൂളാണ് മൂന്നാമത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. പരാതികള്‍ ഇല്ലാതെ ഭംഗിയായി കലോത്സവം തീര്‍ക്കാന്‍ കഴിഞ്ഞതില്‍ വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പിനെയും പ്രതിപക്ഷനേതാവ് അഭിനന്ദിച്ചു. ഒരു രാഷ്ട്രീയവും കലര്‍ത്താതെ ഭംഗിയായി മേള നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് മറ്റെവിടെയും സ്‌കൂള്‍ കലോത്സവം പോലൊരു പരിപാടി സംഘടിപ്പിക്കാനാവില്ല. തനിക്ക് പത്ത് വയസ് കുറഞ്ഞു. കുട്ടികള്‍ നാടിന്റെ സമ്പത്ത് – അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും ആസിഫലിയും ചടങ്ങില്‍ മുഖ്യാതിഥികളായി. എ ഗ്രേഡ് കിട്ടുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സമ്മാന തുക 500 രൂപ കൂടി വര്‍ദ്ധിപ്പിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ നല്‍കുന്നത് ആയിരം രൂപയാണ്. തുക വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. മന്ത്രി ജി ആര്‍ അനില്‍ കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."