ഇല്ലാത്ത മാവോയിസ്റ്റുകളെ തേടി ഇപ്പോഴും കാടുകയറ്റം; കാട്ടുകൊമ്പന് 'കാവല്‍' നില്‍ക്കാനും കമാന്‍ഡോകള്‍ക്ക് നിര്‍ദേശം
കോഴിക്കോട്: വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം പൂര്‍ണമായും ഇല്ലാതായെങ്കിലും പരിശോധനയ്ക്കായി ഇപ്പോഴും നേരം പുലരും മുന്‍പേ കാട് കയറുകയാണ് പൊലിസ് കമാന്‍ഡോകള്‍. പുലര്‍ച്ചെ കാടുകയറുന്ന കമാന്‍ഡോകള്‍ക്ക് രാത്രി എട്ടോടെ മാത്രമേ തിരിച്ചിറങ്ങാന്‍ അനുമതിയുള്ളൂ. മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നപ്പോള്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോകള്‍ക്ക് നല്‍കിയ നിര്‍ദേശം ആഭ്യന്തരവകുപ്പ് ഇപ്പോഴും മുറപോലെ തുടര്‍ന്നുവരികയാണ്.
സി.പി മൊയ്തീന്റെ അറസ്‌റ്റോടെ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം അവസാനിച്ചതായാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ (എ.ടി.എസ്) കണ്ടെത്തല്‍. കൂടാതെ ഫെബ്രുവരിയില്‍ കര്‍ണാടകത്തിലേക്ക് മടങ്ങിയ വിക്രംഗൗഡ രണ്ട് മാസം മുന്‍പ് കൊല്ലപ്പെടുകയും ചെയ്തതോടെ കേരള വനമേഖലയിലേക്ക് മാവോയിസ്റ്റുകള്‍ തിരിച്ചുവരാനുള്ള സാധ്യതയും വിരളമാണെന്ന് വിവിധ അന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നുണ്ട്. സി.പി മൊയ്തീന്റെ മരണത്തിന് ശേഷം ഒന്നിടവിട്ട് 60 ദിവസത്തിലേറെയായി എസ്.ഒ.ജി സംഘം വനമേഖലയില്‍ പരിശോധന നടത്തിവരികയാണ്. വനമേഖലയോട് ചേര്‍ന്ന ആദിവാസി ഊരുകളില്‍ നാല് മാസത്തിനുള്ളില്‍ ഒരു മാവോയിസ്റ്റ് പോലും എത്തിയിട്ടില്ലെന്നാണ് എ.ടി.എസിന്റെയും എസ്.ഒ.ജിയുടെയും കണ്ടെത്തല്‍. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മാവോയിസ്റ്റ് സാന്നിധ്യം കേരളത്തില്‍ നിലവിലില്ലെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തരവകുപ്പിനും നല്‍കുന്നുണ്ട്. എന്നിട്ടും നേരത്തെയുള്ള പരിശോധനാ രീതി തന്നെ ഇപ്പോഴും തുടരുകയാണ്.
ഫണ്ട് വേണോ, പരിശോധന തുടരണം
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത് മുതല്‍ ആഭ്യന്തരസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് വ്യക്തമായാല്‍ കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ വെട്ടിച്ചുരുക്കും. ഇക്കാരണത്താലാണ് പരിശോധന തുടരുന്നതെന്ന ആരോപണം പൊലിസിനുള്ളിലും പുറത്തും ശക്തമാണ്. അതേസമയം കമാന്‍ഡോ സംഘത്തിന്റെ തുടര്‍ച്ചയായുള്ള പരിശോധനയാണ് മാവോയിസ്റ്റുകള്‍ വനമേഖല വിട്ടുപോകാന്‍ കാരണമായതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അതിനാല്‍ പരിശോധന അവസാനിപ്പിച്ചാല്‍ വീണ്ടും മാവോയിസ്റ്റുകള്‍ കേരളം ലക്ഷ്യമാക്കിയെത്തും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ക്യാംപുകളില്‍ നിന്നാണ് എസ്.ഒ.ജി കമാന്‍ഡോകള്‍ പരിശോധനക്കായി പോവുന്നത്. 10 കമാന്‍ഡോകളും രണ്ട് ഓഫിസര്‍മാരുമടങ്ങുന്നതാണ് ഒരു ടീം. ഇപ്രകാരം മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന അഞ്ച് ജില്ലകളില്‍ നിന്നും പരിശോധനക്കായി കമാന്‍ഡോസംഘം കാട്ടിലെത്തുന്നുണ്ട്.
എസ്.ഒ.ജി കമാന്‍ഡോകളെ കഴിഞ്ഞ ദിവസം കരുളായി വനമേഖലയില്‍ വിന്യസിച്ചതും വിവാദമായിട്ടുണ്ട്. ആദിവാസി യുവാവിനെ കാട്ടന കൊലപ്പെടുത്തിയ മേഖലയിലാണ് കമാന്‍ഡോ സംഘത്തെ വിന്യസിച്ചത്. കമാന്‍ഡോകള്‍ക്ക് എ.കെ 47 തോക്കുകള്‍ ഉണ്ടെങ്കിലും മൃഗങ്ങളെ വെടിവയ്ക്കരുതെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ 12 കമാന്‍ഡോകളെ കരുളായി വനമേഖലയില്‍ വിന്യസിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
no Maoist presence in forest area but commandos continue inspection
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."