വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന വയനാട് കടുവ
വയനാട്: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന. പ്രദേശവാസിയുടെ ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. വടക്കേക്കര രവികുമാറിൻറെ ആടിനെയാണ് കൊന്നത്. നേരത്തെ ജോസഫ് എന്നയാളുടെ ആടിനെ കടുവ കൊന്നത് ഇതിനടുത്താണ്. ഈ കടുവ തന്നെയാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് നിഗമനം. പ്രദേശത്ത് കെണി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
അമരക്കുനിയിൽ നാരാത്തറ പാപ്പച്ചന്റെ ആടിനെയും കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. പ്രദേശത്തെ തോട്ടത്തിൽ കടുവയുണ്ടെന്ന് കഴിഞ്ഞ ദിവസം നാട്ടുകാർ പറഞ്ഞിരുന്നു. പുലർച്ചെ റോഡിൽ കടുവയെ കണ്ടിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വനപാലകർ പ്രദേശത്തെ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതേസമയം, മുൻപ് കടുവ തോട്ടങ്ങളിൽ വന്നുപോയതിന്റെ സൂചനകളുണ്ട്. അമരക്കുനി കവല മുതൽ കന്നാരംപുഴവരെയുള്ള പ്രദേശങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
അമരക്കുനിയിലെ ജനവാസമേഖലയിൽ കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം കടുവ കൊന്ന ആടിന്റെ ജഡമാണ് കൂട്ടിൽ ആകർഷിക്കാനായി വെച്ചിട്ടും രാത്രിയിൽ കൂട് സ്ഥാപിച്ച ഭാഗത്തേക്ക് കടുവ വന്നിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കടുവയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിച്ചത്. പ്രദേശത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചുവരുകയാണ്.
പ്രദേശത്ത് നിരീക്ഷണത്തിനായി 14 ക്യാമറകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ സ്ഥാപിച്ച ക്യാമറകളിലൊന്നും കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവ സമീപത്തെ വനത്തിലേക്ക് മടങ്ങിയിട്ടുണ്ടാവുമെന്നാണ് വനപാലകർ കരുതുന്നത്. കടുവയെ കണ്ടെത്താനായിട്ടില്ലെങ്കിലും വനപാലകർ സ്ഥലത്ത് ക്യാംപ്ചെയ്ത് നിരീക്ഷിച്ചുവരുകയാണ്. പട്രോളിങ്ങും തുടരുന്നുണ്ട്.
A tiger has once again attacked livestock in Wayanad, killing a goat in the Pulppally Amarakkunnu area. The goat belonged to Ravikumar from Vattakkara. Earlier, a goat owned by Joseph was also killed by the same tiger. The Forest Department is now planning to set up traps in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."