മന്ത്രി മാറ്റം: എന്‍.സി.പി നേതൃയോഗത്തില്‍ പി.സി ചാക്കോയ്ക്ക് വിമര്‍ശനം
കൊച്ചി : മന്ത്രിസ്ഥാനത്ത് നിന്ന് എ.കെ ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യമുന്നയിച്ച സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുടെ നടപടിക്കെതിരേ എന്‍.സി.പി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത് സംബന്ധിച്ച ചര്‍ച്ച എന്നായിരുന്നു പ്രധാന വിമര്‍ശനം.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മാണി.സി.കാപ്പന്റെ നേതൃത്വത്തില്‍ എന്‍.സി.പിയിലെ ഒരു വിഭാഗം യു.ഡി.എഫില്‍ ചേക്കേറുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതു മൂലം എല്‍.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ എന്‍.സി.പി അവഗണിക്കപ്പെട്ടു. ഈ വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫ് നേതൃത്വവുമായി ഇടഞ്ഞ് വീണ്ടും യു.ഡി.എഫിലേക്ക് ചേക്കാറാനൊരുങ്ങുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ല.
തോമസ്.കെ.തോമസിനെ മന്ത്രിയാക്കാമെന്ന ഉറപ്പൊന്നും പാര്‍ട്ടി ഒരു ഘട്ടത്തിലും നല്‍കിയിട്ടില്ല എന്ന് ഒരു വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. എന്‍.സി.പിക്ക് അരമന്ത്രിയും മുക്കാല്‍ മന്ത്രിയുമില്ല, ഒരു മന്ത്രിയേ ഉള്ളൂവെന്ന ആദ്യ നിലപാടില്‍ നിന്ന് പി.സി ചാക്കോ ഈയടുത്ത കാലത്താണ് മാറിയത്. കടന്നപ്പള്ളിയെ ഉള്‍പ്പെടെ മന്ത്രിസഭയിലേക്ക് എടുത്തപ്പോള്‍ സ്വീകരിക്കാതിരുന്ന നിലപാട് ഇപ്പോള്‍ മാറേണ്ട സാഹചര്യമെന്താണെന്നും പി.സി ചാക്കോ വിരുദ്ധ വിഭാഗം യോഗത്തില്‍ ചോദ്യമുയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."