കലോത്സവേദിയിലെ ഊട്ടുപുരയിലെത്തി മുഖ്യമന്ത്രി; പഴയിടത്തിന്റെ പായസം രുചിച്ച്, കുട്ടികളോട് കുശലം പറഞ്ഞ് മടക്കം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ ഊട്ടുപുര സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്തരിക്കണ്ടം മൈതാനത്തൊരുക്കിയ ഭക്ഷണശാലയിലാണ് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം മുഖ്യമന്ത്രിയെത്തിയത്. എം.എല്‍.എമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭക്ഷണം കഴിക്കാനെത്തിയവരോട് കുശലം പറഞ്ഞാണ് മുഖ്യമന്ത്രി നടന്നുനീങ്ങിയത്. ഊട്ടുപുരയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ അടക്കമുള്ളവരോടും മുഖ്യമന്ത്രി വിശേഷങ്ങള്‍ തിരക്കി.
കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം നമ്പൂതിരിയെയും പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പഴയിടം നല്‍കിയ ഒരു ഗ്ലാസ് പായസം കൂടി രുചിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പുത്തരിക്കണ്ടം മൈതാനിയില്‍ നെയ്യാര്‍ എന്ന പേരിലാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഭക്ഷണപ്പുര ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കും ഇവിടെയാണ് ഭക്ഷണം. ഇന്ന് ഭക്ഷണപ്പുര സന്ദര്‍ശിക്കുമ്പോള്‍ ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. എല്ലാവരും സംതൃപ്തിയോടെ ഊണുകഴിക്കുന്നു. ചിട്ടയോടെ വളണ്ടിയര്‍മാര്‍ വിളമ്പുന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. ഒരേസമയം 2500 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഈ സംവിധാനം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ പോലെ തന്നെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. അവിടെ തയ്യാറാക്കിയ പായസം രുചിച്ച ശേഷമാണ് മടങ്ങിയത്. ദിവസം മൂന്നു നേരമായി 30,000 ത്തിലധികം പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന ഈ വിപുലമായ സംവിധാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."