പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍. സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയ മറ്റു മൂന്നുപേര്‍. അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നാലുപേരും.
കോടതി നിര്‍ദേശപ്രകാരമാണ് മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അടക്കമുള്ള 14 പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് പെരിയ ഇരട്ടക്കൊലകേസ് പ്രതികളായി ജീവപര്യന്തം ശിക്ഷ ലഭിച്ച എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം സുരേഷ്, അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, രഞ്ജിത്ത് എന്നിവരെ ആദ്യം കണ്ണൂര്‍ ജയിലിലെത്തിച്ചത്. വിയ്യൂര്‍ ജയിലില്‍ നിന്നാണ് ഇവരെ കണ്ണൂരിലെത്തിച്ചത്.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചത്. ഇതു കൂടാതെ കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് സി.പി.എം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെ കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലയാളി സംഘം കൂരാങ്കര റോഡ് ജങ്ഷനില്‍വച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരെയും സംഘം അതിക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ചും ശരത് ലാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവരുടേയും മരണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം നടന്ന് രണ്ടാം ദിവസം സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ അറസ്റ്റിലായി. പിന്നാലെ രണ്ടാംപ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ സജി ജോര്‍ജും പിടിയിലായി. പ്രതിഷേധം കനത്തതോടെ പിണറായി സര്‍ക്കാരിന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടേണ്ടിവന്നു. പിന്നാലെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരും സി.പി.എം. ഏരിയ സെക്രട്ടറി അടക്കമുള്ളവരും കേസില്‍ അറസ്റ്റിലായി.
എന്നാല്‍ പിന്നീട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സി.ബി.ഐ.അന്വേഷണമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റ പത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയെ സമീപിച്ചു. അവിടെയും ഇരകള്‍ക്ക് അനുകൂല വിധിയുണ്ടായതോടെ അന്വേഷണത്തിന് സി.ബി.ഐ. എത്തുകയായിരുന്നു. ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും.
സി.ബി.ഐ. അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ. കോടതിയില്‍ വിചാരണ തുടങ്ങിയത്. മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റും പിന്നീട് സി.പി.എമ്മിലേക്കു പോകുകയും ചെയ്ത ക്രിമനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ.ശ്രീധരനാണ് പ്രതികള്‍ക്കു വേണ്ടി വാദിച്ചത്.
ഒന്നാം പ്രതി പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനുമടക്കമുള്ളവര്‍ക്കെതിരേയാണ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഹൈക്കോടതി അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് കുറ്റപത്രം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."