കനത്ത മഴ, ശൈത്യക്കാറ്റ്, പ്രളയം: ഗസ്സയില്‍ ടെന്റ് തകര്‍ന്ന് ദുരിത ജീവിതം
ഗസ്സ: കനത്ത മഴയും പ്രളയവും ശൈത്യവും ഗസ്സയില്‍ ജീവിതം ദുസ്സഹമാക്കുന്നു. ആയിരത്തിലേറെ ടെന്റുകള്‍ മഴയിലും കാറ്റിലും തകരുകയും പലയിടത്തും ടെന്റുകളില്‍ വെള്ളം കയറുകയും ചെയ്തതോടെ നരകയാതന അനുഭവിക്കുകയാണ് ഗസ്സന്‍ ജനത. പകര്‍ച്ചവ്യാധികളുടെയും അസുഖങ്ങളുടെയും പിടിയിലാണ് അവര്‍. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ 100 ലേറെ ടെന്റുകളില്‍ മഴയെ തുടര്‍ന്ന് വെള്ളം കയറിയെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) അറിയിച്ചു.
കടല്‍ തീരത്ത് മാത്രം 500 ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടെ ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ്. കനത്തമഴയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും ജനജീവിതം ദുരിത പൂര്‍ണമാണെന്നും യു.എന്‍.ആര്‍.ഡബ്ല്യു.എ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് നൂറിലേറെ ഫോണ്‍ കോളുകളാണ് വരുന്നതെന്ന് ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഇതുവരെ കൊടുംതണുപ്പില്‍ ആറു നവജാത കുഞ്ഞുങ്ങള്‍ ഗസ്സയില്‍ മരവിച്ചു മരിച്ചു. തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരണത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹൂതികള്‍ക്കെതിരേ യമനില്‍ യു.എസ് വ്യോമാക്രമണം. അമേരിക്കയുടെ ആക്രമണത്തെ പ്രതിരോധിക്കുമെന്നും തിരിച്ചടിക്കുമെന്നും ഹൂതികളും അറിയിച്ചു. ഈയിടെ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും എതിരേ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേയാണ് സൈനിക നടപടി. തിങ്കളാഴ്ചയാണ് യു.എസ് നാവിക കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗിച്ച് യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തീരദേശത്ത് ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഏഴു ക്രൂയിസ് മിസൈലുകളും തങ്ങളെ ആക്രമിക്കാന്‍ വന്ന ഒരു ഡ്രോണ്‍ ചെങ്കടലിനു മുകളില്‍ വച്ചും ആക്രമിച്ചെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യു.എസ് സൈനികര്‍ക്കോ ഉപകരണങ്ങള്‍ക്കോ പരുക്കോ നാശനഷ്ടമില്ലെന്നും യു.എസ് സൈന്യം അറിയിച്ചു. വ്യാഴാഴ്ചയും ഹൂതികള്‍ ഇസ്‌റാഈലിലേക്ക് രണ്ട് മിസൈലുകള്‍ അയച്ചിരുന്നു. അമേരിക്കയുടെ താഡ് പ്രതിരോധം ഉപയോഗിച്ച് ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം ഹൂതി മിസൈല്‍ തടഞ്ഞിരുന്നു.
Winter rains worsen situation in Gaza amid israel killing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."