കളിക്കളത്തിൽ അവൻ എപ്പോഴും വെല്ലുവിളികൾ ഉയർത്തും: ഇന്ത്യൻ താരത്തെക്കുറിച്ച് കമ്മിൻസ്
സിഡ്‌നി: ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം നടക്കുന്നത്. സിഡ്‌നിയിൽ നടക്കുന്ന ആവേശകരമായ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കളിക്കളത്തിൽ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്.
'ബുംറ ഇപ്പോൾ നന്നായി ബൗൾ ചെയ്യുന്നുണ്ട്. അവൻ എപ്പോഴും വളരെ ബുദ്ധിമുട്ടേറിയ താരമാണ്. ഞാൻ ബാറ്റ് ചെയ്യാൻ വരുമ്പോഴേക്കും ഒരുപാട് സമയം ആവും. ആ സമയങ്ങളിൽ അവൻ വളരെ കുറച്ചു ഓവറുകൾ മാത്രമേ എറിയുകയുള്ളൂ. ഇത് എനിക്ക് കുറച്ച് എളുപ്പമാക്കും. ക്രിക്കറ്റിൽ വ്യത്യസ്ത ഫോർമാറ്റുകളിൽ ഞാൻ അവനെ നേരിട്ടിട്ടുണ്ട്. അവൻ എപ്പോഴും വെല്ലുവിളി ഉയർത്തും. തീർച്ചയായും ഈ വെല്ലുവിളികൾ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്,' പാറ്റ് കമ്മിൻസ് പറഞ്ഞു.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബൗളിങ്ങിൽ ബുംറ മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരയിൽ ഇതുവരെ 30 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. നാലാം ടെസ്റ്റിൽ രണ്ട് ഇന്നിഗ്‌സുകളിലായി ഒമ്പത് വിക്കറ്റുകളാണ് ബുംറ നേടിയത്. മെൽബണിൽ ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ പൂർത്തിയാക്കാനും ബുംറക്ക് സാധിച്ചിരുന്നു.
സിഡ്‌നിയിൽ മൂന്ന് വിക്കറ്റുകൾ കൂടി നേടാൻ ബുംറക്ക് സാധിച്ചാൽ ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമാവാൻ ബുംറക്ക് സാധിക്കും. ൩൦ വിക്കറ്റുകൾ നേടിയ ഹർഭജൻ സിങാണ് നിലവിൽ ഈ നേട്ടത്തിലുള്ളത്. നിലവിൽ പരമ്പരയിൽ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ. സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ വിജയം ആവർത്തിക്കാൻ തന്നെയായിരിക്കും ഓസീസ് ലക്ഷ്യം വെക്കുക. അവസാന മത്സരം വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയാക്കാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."