നവകേരള ബസ് വീണ്ടും നിരത്തിൽ; കന്നി സർവിസ് 'ഹൗസ് ഫുൾ'
തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം നവകേരള ബസ് പുതുക്കിപ്പണിത് വീണ്ടും സർവിസിനിറങ്ങിയപ്പോൾ ലഭിച്ചത് മികച്ച പ്രതികരണം. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ആദ്യ സർവിസിൽ മുഴുവൻ സീറ്റും ബുക്ക് ചെയ്യപ്പെട്ടു. പുതുക്കിയ സമയം അനുസരിച്ച് രാവിലെ 8.25നാണ് കോഴിക്കോട് നിന്ന് സർവിസ് ആരംഭിച്ചത്. രാത്രി 10.25ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചു.
ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ശൗചാലയം നിലനിർത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സർവിസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാതെ വന്നതോടെ റദ്ദാക്കി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിപ്പിച്ചത്. പിന്നീട് ഏറെക്കാലം വെറുതേ കിടന്ന ശേഷമാണു പുതുക്കി പണിതത്.
ടിക്കറ്റ് നിരക്ക് കുറച്ചും സമയത്തിൽ മാറ്റംവരുത്തിയും യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജി.എസ്.ടിയും റിസർവേഷൻ ചാർജും ഉൾപ്പെടെ 968 രൂപ നൽകിയാൽ മതി. മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി എന്നിവിടങ്ങളിൽ ഫെയർ സ്റ്റേജുണ്ട്. നേരത്തേ 1,256 രൂപയായിരുന്നു ബംഗളൂരു മുതൽ കോഴിക്കോട് വരെ നൽകേണ്ടിയിരുന്നത്.
പുതുക്കിയ ടിക്കറ്റ് നിരക്ക് (ബംഗളൂരുവിൽ നിന്ന്)
ബത്തേരി- 671 രൂപ, കൽപറ്റ– 731, താമരശേരി– 83,
കോഴിക്കോട്– 968 രൂപ. മൈസൂരുവിൽ നിന്ന്
കോഴിക്കോട്ടേക്ക്– 560 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."