തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് ; വീഴ്ചകൾക്ക് തടയിടാൻ തദ്ദേശസ്ഥാപനങ്ങൾ
മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളിലെ ഗ്രാമസഭകൾ മുഖേന നടത്തുന്ന സോഷ്യൽ ഓഡിറ്റിങ്ങിലെ വീഴ്ചകൾക്ക് തടയിടാൻ തദ്ദേശസ്ഥാപനങ്ങൾ. പദ്ധതികളിൽ വ്യാപക അപാകതകളും ക്രമക്കേടുകളും കണ്ടെത്തിയതോടെയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ കർശന നിർദേശങ്ങൾ നൽകിയത്. തൊഴിലുറപ്പ് തൊഴിലാളികളുമായി ബന്ധപ്പെട്ട ചുമതല ഇനി മുതൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിക്കായിരിക്കും.
സോഷ്യൽ ഓഡിറ്റ് കലണ്ടർ പ്രകാരം പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സോഷ്യൽ ഓഡിറ്റിങ്ങിനായി ലഭ്യമാക്കേണ്ടത് അസി. സെക്രട്ടറിയുടെ ചുമതലയാണ്. ഓഡിറ്റിന്റെ ഭാഗമായി നടത്തേണ്ട എൻട്രി മീറ്റിങ്, എക്‌സിറ്റ് മീറ്റിങ് എന്നിവയുടെ വിവരങ്ങൾ ഗ്രാമപഞ്ചായത്തും ബ്ലോക്ക് റിസോഴ്‌സ് പോഴ്‌സണും തീരുമാനിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിനായി ഭൗതികസൗകര്യങ്ങളും ഒരുക്കണം.
സോഷ്യൽ ഓഡിറ്റ് ടീം വീഴ്ചയും അപാകതയും കണ്ടെത്തിയാൽ ഏഴ് ദിവസത്തിനകം മറുപടി നൽകണം. പദ്ധതികളുടെ ഫീൽഡുതല പരിശോധനകളിൽ വർക്ക് സൈറ്റ് അടക്കം കണ്ടെത്താനും തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും ഓഡിറ്റ് വിഭാഗത്തെ സഹായിക്കണം. എക്‌സിറ്റ് മീറ്റിന് ശേഷം പരിഹരിക്കാൻ കഴിയാത്തവയുടെ വിശദാംശങ്ങൾ ഓഡിറ്റിന്റെ ഒരാഴ്ചയ്ക്കകം നൽകണം. ഇതോടൊപ്പം ഗ്രാമസഭാ യോഗങ്ങളുടെ സംഘാടനത്തിനുള്ള അറിയിപ്പ് നൽകുകയും വേണം. തൊഴിലാളികളുടെ പരാതികൾ, ഓഡിറ്റിൽ കണ്ടെത്തുന്ന പോരായ്മകൾ എന്നിവയിൽ തദ്ദേശ ഭരണസമിതി പെട്ടെന്ന് തീരുമാനമെടുക്കണം. ആവർത്തിച്ച് വരുന്ന വീഴ്ചകൾക്ക് അച്ചടക്ക നടപടിയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."