ഉത്രവധക്കേസ്;വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരോളിന് ശ്രമം; പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം
കൊച്ചി: ഉത്രവധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന കേസിലാണ് ജാമ്യം.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് ആണ് കേസെടുത്തിരുന്നത്. ഇവരുടെ ഹരജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും.
അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് സൂരജ് പരോളിന് ശ്രമിച്ചത്. സൂരജിന്റെ തട്ടിപ്പ് ജയില്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ ആണ് സൂരജിന്റെ കള്ളം പൊളിഞ്ഞത്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 2021 ഒക്ടോബര്‍ 13നാണ് കോടതി 17 വര്‍ഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂ!ജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കുന്നത്.
ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തി. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമെന്ന് എഴുതി ചേര്‍ത്തതെന്നാണ് കണ്ടെത്തല്‍. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. ഒപ്പം സൂരജിനെ സഹായിച്ചവരെയും ഇനി കണ്ടെത്തണം. പൊലീസ് അന്വേഷണത്തിനാണ് ഗൂഡാലോചന വ്യക്തമാകേണ്ടത്. പരോള്‍ സംഘടിപ്പിക്കാന്‍ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."