പൊലിസ് തലപ്പത്ത് പോര്; അജിത്കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയന്, നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര് അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി പി.വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാര്‍ നല്കിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നുമാവശ്യപ്പെട്ട് പി. വിജയന് ഡി.ജിപി എസ് ദര്‍വേഷ് സാഹിബിന് പരാതി നല്തി. ഡി.ജി.പിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി.
സാധാരണ നിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന 2 മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചാണ് ആഭ്യന്തരവകുപ്പിന് പരാതി കൈമാറിയത്.
പി.വി അന്‍വര്‍ എം.എല്‍.എ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡി.ജി.പി എസ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത്കുമാര്‍ പി. വിജയനെതിരെ മൊഴി നല്‍കിയത്.
നേരത്തെ, ഐ.ജിയായിരുന്നപ്പോള്‍ പി. വിജയന് സസ്പെന്‍ഷനിലേക്ക് പോകാന്‍ കാരണം അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആര് അജിത്കുമാര്‍ നല്കിയ റിപ്പോര്‍ട്ടാണ്. കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി.വിജയന് നടപടി നേരിട്ടത്. ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എം.ആര് അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് പി വിജയനെ സര്‍വീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."