കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. സാബു ആത്മഹത്യാക്കുറിപ്പില്‍ പരാമാര്‍ശിച്ച റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് ജോസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ബോര്‍ഡ് മീറ്റിംഗ് കൂടിയാണ് സസ്‌പെന്‍ഷന്‍ തീരുമാനിച്ചത്.
മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ ഇതുവരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല.
സി.പി.എം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികില്‍സാര്‍ത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാര്‍ അപമാനിച്ചിറക്കി വിട്ടെന്ന പരാമര്‍ശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്.ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറല്‍ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."