കോഴിക്കോട് ഡി.എം.ഒമാരുടെ കസേര കളി തുടരുന്നു; പുതിയ ഡി.എം.ഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡി.എം.ഒ
കോഴിക്കോട്: ഒരേ സമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡി.എം.ഒ ആയി ഓഫീസില്‍ എത്തിയതോടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നാടകീയ രംഗങ്ങള്‍. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി.എം.ഒ ഡോ.എന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. രജിസ്റ്ററില്‍ ഒപ്പുവെച്ച ശേഷം ഏറെ നേരം രണ്ട് പേരും ഡി.എം.ഒയുടെ കാബിനില്‍ ഇരുന്നു. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി. ദിവസങ്ങളായി ഡി.എം.ഒ ഓഫീസില്‍ കസേരയ്ക്കായുള്ള പിടിവലി നടക്കുകയാണ്. സ്ഥലം മാറ്റത്തില്‍ താന്‍ സ്റ്റേ വാങ്ങിയെന്നാണ് രാജേന്ദ്രന്റെ വാദം. എന്നാല്‍ സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനാണ് താന്‍ ഓഫിസില്‍ വന്നതെന്ന് ഡോ. ആശാദേവിയും വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഇക്കഴിഞ്ഞ ഒമ്പതിന് ഇറക്കിയ ഉത്തരവ് പ്രകാരം കോഴിക്കോട് ഡി.എം.ഒ ആയിരുന്ന ഡോ. എന്‍. രാജേന്ദ്രനെ അഡീഷനല്‍ ഡയരക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡി.എം.ഒ ആയ ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ ആയും സ്ഥലം മാറ്റിയിരുന്നു. ഇതനുസരിച്ച് ഡോ. ആശാ ദേവി 10ന് കോഴിക്കോട്ട് എത്തി ഡോ.രാജേന്ദ്രനില്‍ നിന്ന് ചുമതല ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സ്ഥലംമാറ്റത്തിനെതിരേ ഡോ.രാജന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും 12 ന് സ്ഥലം മാറ്റത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും ഓഫീസില്‍ എത്തി ചാര്‍ജ് ഏറ്റെടുത്തു. ഈ സമയം ഡോ. ആശാദേവി തിരുവനന്തപുരത്ത് ഔദ്യോഗിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി അവധിയിലായിരുന്നു.
ഡോ. ആശാദേവി ഇതിനെതിരേ ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണല്‍ സ്ഥലം മാറ്റ ഉത്തരവിനെതിരായ സ്റ്റേ റദ്ദാക്കുകയും ചെയ്തു. ശേഷമാണ് ആശാ ദേവി ഇന്നലെ ഡി.എം.ഒ ഓഫീസില്‍ എത്തിയത്. രണ്ടും ഡി.എം.ഒ മാര്‍ എത്തിയതോടെ പ്രയാസത്തിലായത് ആരോഗ്യ വകുപ്പ് ജീവനക്കാരാണ്. ആരെ അനുസരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."