'മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു'; ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘ പരിവാര്‍ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനും മലയാളികള്‍ക്കും അപമാനമാണ് സംസ്‌കാരശൂന്യരുടെ ആക്രമണമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്കില്‍ ക്രിസ്മസ് ആശംസ പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് ആക്രമണങ്ങളെ നിശിതമായി വിമര്‍ശിച്ചത്.
മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ്.
എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.
അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.
അവരെ ചെറുക്കാനും ഈ നാടിന്റെ യഥാര്‍ത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്ത്‌സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേര്‍ത്തു നിര്‍ത്തിയ യേശു അനീതികള്‍ക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."