തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്ക്, ലക്ഷ്യം തെരഞ്ഞെടുപ്പ്; ഗുരുതര ആരോപണമുള്ള അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം കലക്കലിൽ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിനെതിരെയാണ് എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉള്ളത്. മുൻപ് ഡിജിപി തള്ളിക്കളഞ്ഞ റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്.
തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും പൂരം കലക്കാൻ ശ്രമമുണ്ടായത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ബിജെപിയുടെ പേര് പറയാതെയാണ് അജിത് കുമാർ റിപ്പോർട്ട് നൽകിയിരുന്നത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെയാണ് രൂക്ഷവിമർശനമാണുള്ളത്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ തൃതല അന്വേഷണമാണ് ഒടുവിൽ സർക്കാർ പ്രഖ്യാപിച്ചത്. ഇത് പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."