മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച്ച; ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി
മണാലി: കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി. ഇതേതുടര്‍ന്ന് മണിക്കൂറുകളോളമാണ് വിനോദസഞ്ചാരികള്‍ക്ക് വാഹനങ്ങളില്‍ തുടരേണ്ടിവന്നത്. സോലങ്ങിനും റോഹ്തങ്ങിലെ അടല്‍ ടണലിനും ഇടയിലാണ് വാഹനങ്ങള്‍ റോഡിലെ മഞ്ഞുവീഴ്ച്ച കാരണം മുന്നോട്ടുപോകാനാകാതെ കുടുങ്ങിയത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഹിമാചല്‍ പൊലിസ് എത്തി 700ഓളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തദ്ദേശ സ്ഥാപനങ്ങളും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരെയും സഞ്ചാരികളെയും അവരുടെ വാഹനങ്ങളുമായി മുന്നോട്ട് നീങ്ങാന്‍ പൊലീസുകാര്‍ സഹായിക്കുന്ന ദൃശ്യങ്ങളും പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ക്രിസ്മസ് പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് മണാലിയിലേക്ക് സഞ്ചാരികളുടെ ഈ ഒഴുക്ക്. ഡിസംബര്‍ എട്ടിനായിരുന്നു മണാലിയില്‍ ആദ്യത്തെ മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നത്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഞ്ഞുവീഴ്ച്ച വീണ്ടും ശക്തമായിരിക്കുകയാണ്.
കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന വിനോദ സഞ്ചാര മേഖല ഇപ്പോള്‍ പുതിയ പ്രതീക്ഷകളിലാണ്. യാത്ര ദുഷ്‌കരമാണെങ്കിലും മണാലിയില്‍ മഞ്ഞുവീഴുന്ന കാഴ്ച കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."