ഓര്‍ക്കിഡ് കുലകുലയായി പൂക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ
നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചവയാണ് ഓര്‍ക്കിഡ് കൃഷി. ഇതില്‍ തന്നെ നാടനുമുണ്ട് വിദേശിയുമുണ്ട്. മാത്രമല്ല, ഓര്‍ക്കിഡില്‍ 800ല്‍ അധികം ജനുസ്സുകളും 35,000ത്തോളം സ്പീഷിസുകളും തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഒരുലക്ഷത്തില്‍ കൂടുതല്‍ സങ്കരയിനങ്ങളും പ്രചാരത്തിലുണ്ട്. ദീര്‍ഘകാലം വാടാതെ സൂക്ഷിക്കാനും അന്തര്‍ദേശീയ വിപണിയില്‍ വളരെ കൂടുതല്‍ വില കിട്ടുകയും ചെയ്യുന്നവയാണ് ഓര്‍ക്കിഡ് പൂക്കള്‍.
ഓര്‍ക്കിഡ് പൂക്കളെ അവയുടെ ഇനം അറിഞ്ഞു വേണം പരിപാലിക്കാന്‍. ഏത് തരത്തില്‍ പെട്ടതാണെന്ന് മനസിലാക്കണം. പൂക്കളുടെ ഭംഗി കണ്ട് നല്ല വിലകൊടുത്തു വാങ്ങിക്കൊണ്ടു വന്നു നട്ടുപിടിപ്പിച്ചാലൊന്നും പൂക്കള്‍ ലഭിക്കണമെന്നില്ല. കാരണം ഇത് ഏത് ഇനത്തില്‍ പെട്ടതാണെന്ന് ശരിക്കും അറിഞ്ഞിരിക്കണം. ഇതിന്റെ പ്രത്യേകത നിങ്ങള്‍ മനസിലാക്കണം. അല്ലെങ്കില്‍ പൂക്കള്‍ ഉണ്ടാവില്ല. കാഷും നഷ്ടമാവും. ഓര്‍ക്കിഡ് ചെടികള്‍ക്ക് വളരുന്ന സാഹചര്യമനുസരിച്ച് വ്യത്യസ്ത സ്വഭാവമായിരിക്കും.
മരങ്ങളില്‍ പറ്റിപ്പിടിച്ചുവളരുന്നവയെയും തറയില്‍ പറ്റിപ്പിടിച്ചു വളരുന്നവയെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ മരങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകള്‍ എന്നാണ് പറയുക. തറയില്‍ വളരുന്നവയെ ടെറസ്ട്രിയല്‍ ഓര്‍ക്കിഡുകള്‍ എന്നും പറയും.
നടീല്‍ രീതി
ഓര്‍ക്കിഡുകള്‍ നടുന്നതിനായി വേണ്ടത് വലിയ ദ്വാരങ്ങളുള്ള വലിയ ചട്ടികള്‍ ആണ്. വലുപ്പമുള്ള ചട്ടിയാണെങ്കില്‍ ധാരാളം വായുസഞ്ചാരം ലഭിക്കാനും നീര്‍വാര്‍ച്ചയ്ക്കും ഇതു സഹായിക്കും.
ഈ വലിയ ചട്ടി തെരഞ്ഞെടുത്തതിനു ശേഷം ഇതിലേക്ക് കരിക്കട്ടയും ഓടിന്റെ കഷണങ്ങളും ഇട്ടുവേണം ചട്ടിനിറയ്്ക്കാന്‍. കൂടുതല്‍ പേരും കരിക്കട്ടയാണ് ഉപയോഗിക്കാറ്. അതാണ് നല്ലതും.
തൊണ്ടിന്‍ കഷണവും ഇടുന്നവരുണ്ട്. ഏറ്റവും അടിയില്‍ ഓടിന്റെ കഷണം നിരത്തിവയ്ക്കുക. അതിനുമുകളിലായി കരിയും ഇഷ്ടികകഷണങ്ങളും വയ്ക്കുക. എന്നിട്ട് മധ്യഭാഗത്തായി (നടുവില്‍) ചെടി ഉറപ്പിച്ചു വയ്ക്കുക.
വളം
ജൈവവളവും രാസവളവും നല്‍കാവുന്നതാണ്. മാസത്തിലൊരിക്കല്‍ കാലിവള പ്രയോഗവും ആവാം. പച്ചച്ചാണകവും ഉണക്കച്ചാണകവും വെള്ളവുമായി കലര്‍ത്തിയ ശേഷം തെളിവെള്ളം എടുത്ത് ചെടിച്ചുവട്ടില്‍ ഒഴിക്കുക.മൂന്നുമാസത്തിലൊരിക്കല്‍ കോഴിവളവും നല്‍കണം. തറയില്‍ വളര്‍ത്തുന്ന ചെടിക്കാണെങ്കില്‍ 200 ഗ്രാമും ചട്ടിയിലാണെങ്കില്‍ 20 ഗ്രാമും മതിയാവും.
ഗോമൂത്രം ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയ്ക്ക് ഒഴിക്കുന്നത് വിളവ് ലഭിക്കാന്‍ സഹായിക്കും. വിപണിയില്‍ ലഭിക്കുന്ന 10: 10:10 എന്ന രാസവള മിശ്രിതമോ അല്ലെങ്കില്‍ 17:17:17 എന്ന രാസവള മിശ്രിതമോ രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."