വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി; പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് വേമ്പനാട്ട് കായൽ കൈയേറ്റം തകൃതിയായി നടക്കുമ്പോഴും നോക്കുകുത്തിയായി തീരദേശ പരിപാലന അതോറിറ്റി.വൻകിട സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളുമൊക്കെയാണ് കൈയേറ്റക്കാർ. എന്നാൽ, ഇവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാൻ നൽകിയ വിവരാവകാശ അപേക്ഷയിൽ ഒളിച്ചുകളി നടത്തുകയാണ് അതോറിറ്റി.
എറണാകുളം,കോട്ടയം ജില്ലകളിൽ നടന്ന കൈയേറ്റം സംബന്ധിച്ച് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതികൾ വ്യാപകമായ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം 27ന് വേമ്പനാട്ട് കായൽ കൈയേറ്റം സംബന്ധിച്ച കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനിച്ചിരുന്നു. എന്നാൽ, കൈയേറ്റം സംബന്ധിച്ച യാതൊരു വിവരവും തങ്ങളുടെ പക്കലില്ല എന്ന നിലപാടിലാണ് തീരദേശ പരിപാലന അതോറിറ്റി.
തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട്ട് കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആകെ കണ്ടെത്തിയിട്ടുള്ള കൈയേറ്റങ്ങളുടെ എണ്ണം, കൈയേറ്റവുമായി ബന്ധപ്പെട്ട് ആകെ എടുത്ത കേസുകളുടെ എണ്ണം, കേസുകൾ എടുത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരും മേൽവിലാസവും, കൈയേറിയ ഭൂമിയുടെ അളവ് തുടങ്ങിയവിവരങ്ങളാണ് വിവരാവകാശ അപേക്ഷയിൽ ആരാഞ്ഞത്. എന്നാൽ, ഇത്തരം വിവരങ്ങൾ തങ്ങൾ ക്രോഡീകരിച്ച് വച്ചിട്ടില്ലെന്ന ഉത്തരമാണ് കേരള തീരപരിപാലന അതോറിറ്റി സെക്ഷൻ ഓഫിസർ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാന പരിധിയിലെ കായലും കടലുമൊക്കെ കൈയേറുമ്പോഴും തീരപരിപാലന അതോറിറ്റി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എറണാകുളം,ആലപ്പുഴ, കോട്ടയം ജില്ലാകലക്ടർമാരും വൈക്കം അസി. തഹസിൽദാറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വേമ്പനാട്ട് കായൽ കൈയേറ്റം വ്യാപകമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."