വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി
കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ 300 കോടിയിലധികം രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയും കൈയേറ്റത്തില്‍. ഇതില്‍ കൂടുതലും കൈയേറിയിരിക്കുന്നത് റിസോര്‍ട്ട് മാഫിയകളും. ചെറായി-മുനമ്പം പ്രദേശങ്ങളുള്‍ക്കൊള്ളുന്ന പള്ളിപ്രം, കുഴുപ്പിള്ളി വില്ലേജുകളില്‍ കുഴുപ്പിള്ളി വില്ലേജിലാണ് ഏറ്റവുമധികം സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നത്. ഈ രണ്ട് വില്ലേജുകളിലായി ഇരുപത് ഏക്കറിലധികം സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയിരിക്കുന്നത്.
കുഴുപ്പിള്ളി വില്ലജില്‍ 25,25-1, 26,27, 28-1, 28-2, 28-3, 206-8, 207-9, 208-4, 208-14 തുടങ്ങിയ സര്‍വേ നമ്പറുകളില്‍ ഒന്ന് മുതല്‍-മൂന്ന് ഏക്കര്‍ വരെയുള്ള സര്‍ക്കാര്‍ ഭൂമിയാണ് ഓരോരുത്തരും കൈവശം വച്ചിരിക്കുന്നത്. അതേസമയം പള്ളിപ്രം വില്ലേജില്‍ 20 സെന്റില്‍ താഴെ കുറഞ്ഞ അളവിലുള്ള പത്തില്‍ താഴെ സര്‍വേ നമ്പറുകളുള്ള സര്‍ക്കാര്‍ ഭൂമി മാത്രമേയുള്ളു. വഖഫ് ഭൂമിയുടേയും സര്‍ക്കാര്‍ ഭൂമിയുടേയും അതിര്‍ത്തികള്‍ പങ്കിടുന്ന ചെറായി ബീച്ചും പരിസരത്തുമാണ് വ്യാപക കൈയേറ്റം നടന്നിരിക്കുന്നത്. ഈ ഭാഗങ്ങളിലാണ് വഖഫ് ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഒരുമിച്ച് കൈയേറി റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കി വരുന്നത്.
യഥാര്‍ഥത്തില്‍ ചെറായി ബീച്ചില്‍ നിന്നും രണ്ടര കിലോമീറ്റര്‍ വടക്ക് മാറിയുള്ള മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഭീഷണിയെന്ന തരത്തില്‍ സമരത്തിന്റെ സ്ഥലനാമം മാറ്റിയത് തന്നെ ചെറായിയിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റം മറച്ചുപിടിക്കാനായിരുന്നുവെന്ന വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്. മുനമ്പത്തെ മത്സ്യതൊഴിലാളികളടക്കമുള്ള ഒരു കുടുംബത്തിനും വഖഫ് ബോര്‍ഡ് ഇതുവരെ കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയിട്ടില്ല. എന്നാല്‍ ചെറായിയിലടക്കം സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട്-ബാര്‍ മാഫിയ ഭൂ ഉടമകളും കൈയേറ്റക്കാരുമായ പന്ത്രണ്ട് പേര്‍ക്കാണ് വഖഫ് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നത്.
ഇവരാകട്ടെ ചെറായി-മുനമ്പം പ്രദേശത്ത് താമസിക്കുന്നവരുമല്ല. അതിനാലാണ് ചെറായിയിലെ വഖഫ് കൈയേറ്റത്തെ മുനമ്പം കുടിയൊഴിപ്പിക്കല്‍ എന്ന പേരിലേക്ക് കാസയടക്കമുള്ള ക്രിസ്ത്യന്‍ തീവ്രവാദ സംഘങ്ങളെ രംഗത്തിറക്കി റിസോര്‍ട്ട് മാഫിയ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തതയോടെ പുറത്ത് വന്നത് മുതല്‍ മുനമ്പം ഭൂസംരക്ഷണ സമിതിക്കുള്ളിലും ഭിന്നതയുണ്ടായിട്ടുണ്ട്. മുനമ്പം വിഷയത്തെ വര്‍ഗീയ പ്രശ്‌നമായി ഉയര്‍ത്തി കൊണ്ടുവന്നതോടെ അതുവരെ സമരസമിതിക്ക് പിന്തുണ നല്‍കിയിരുന്ന പലരും വിഷയത്തെ നിയമപരമായി മാത്രം പരിഹരിച്ചാല്‍ മതിയെന്ന രീതിയിലെത്തിയതായും പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."