പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ
കുറ്റിപ്പുറം: പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഈ വർഷം മുതൽ സോഫ്റ്റ് വെയർ ഉപോഗിച്ച് ആരംഭിക്കുന്ന ഹയർ സെക്കൻഡറി ഗണിതം പ്രാക്ടിക്കൽ പരീക്ഷയുടെ പരിശീലനം ലഭിക്കാതെ വിദ്യാർഥികളും അധ്യാപകരും. 2025 ജനുവരി 22 മുതൽ തുടങ്ങുന്ന ഗണിതം പ്രാക്ടിക്കൽ പരീക്ഷയുടെ സോഫ്റ്റ് വെയർ പരിശീലനം ലഭിക്കാത്തതാണ് വിദ്യാർഥികളെയും അധ്യാപകരെയും ഒരു പോലെ ആശങ്കയിലാക്കുന്നത്.
അടുത്ത മാസം പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാനിരിക്കെ 2023ൽ പ്ലസ്‌വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പോലും പുതിയ സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തുകയോ പരിശീലനം നൽകുകയോ ചെയ്തിട്ടില്ലെന്നാതാണ് ആശങ്കയ്ക്ക് കാരണം.
ഒട്ടുമിക്ക ഹയർ സെക്കൻഡറി ഗണിതാധ്യാപകർക്കും സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ പരീക്ഷയുടെ ഓഫ്‌ലൈൻ പരിശീലനവും ലഭിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പല അധ്യാപകർക്കും ഓൺലൈൻ ക്ലാസ് ലഭിച്ചത്. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓൺലൈൻ പരിശീലനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരിട്ടുളള ട്രെയിനിങ് ഇല്ലാതെ ഓഫ്‌ലൈനിൽ മാത്രം ഒതുക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അധ്യാപകർക്ക് വേണ്ടത്ര ട്രെയിനിങ് ലഭിക്കാത്തത് മൂലം സോഫ്റ്റ് വെയറിൽ പ്രാക്ടിക്കൽ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനം നൽകാനും ഇവർക്ക് കഴിഞ്ഞിട്ടില്ല. പല സ്‌കൂളുകളിലും ലാപ്ടോപ്പ് സൗകര്യം ലഭ്യമല്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. മിനിമം 20 വിദ്യാർഥികൾക്ക് ഒരേസമയം പരീക്ഷയ്ക്കുളള ലാപ്ടോപ്പുകളും ഒരു അഡ്മിൻ ലാപ്ടോപ്പും ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ സൗകര്യങ്ങൾ മിക്ക സ്‌കൂളുകളിലും ഇല്ല.
ധൃതിപിടിച്ച് ഗണിതം പ്രാക്ടിക്കൽ പരീക്ഷ സോഫ്റ്റ് വെയറിലേക്ക് മാറ്റിയതിന്റെ ആശങ്ക അധ്യാപകരും മലപ്പുറം ചൈൽഡ് ഫ്രണ്ട്‌ലി ഓർഗനൈസേഷൻ പ്രവർത്തകരും പങ്ക് വയ്ക്കുന്നു. ഓർഗനൈസേഷൻ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനവും നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."